ന്യൂറൊഷേല്‍: അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷങ്ങളില്‍ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണഘോഷം സെപ്റ്റംബര്‍ 7 ന് 11 മണി മുതല്‍ 6 മണി വരെ ന്യൂറോഷലില്‍ ഉള്ള ആല്‍ബര്‍ട്ട് ലിണാര്‍ഡ് സ്‌കൂളില്‍ വെച്ച് (25 Gerada Ln , New Rochelle , NY 10804) അതിവിപുലമായ രീതിയില്‍ നടത്തുന്നു. 

ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ചെണ്ടമേളവും, ശിങ്കാരി മേളത്തോടും കുടി താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ അത്തപ്പൂക്കളവും, തിരുവാതിരക്കളിയും, പുലിക്കളിയും അങ്ങനെ കേരളത്തിലെ ഓണത്തിന്റെ എല്ലാ ആഘോഷങ്ങളോടും കേരള തനിമയോട് കുടി വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണം കൊണ്ടാടുബോള്‍ നമ്മളെ സന്തോഷിപ്പിക്കാനും ഓണവിരുന്നുകളുമായി പൂമരം എന്ന സ്റ്റേജ് ഷോയും എത്തുന്നു. 

പൂമരം ഷോയില്‍ കേരളത്തില്‍ നിന്നും എത്തുന്ന 14 ല്‍ പരം കലാകാരന്മാര്‍ പങ്കെടുക്കുന്നു. വൈക്കം വിജയ ലക്ഷ്മിയും കല്ലറ ഗോപനും പാട്ടുകാരായി എത്തുന്നതോടൊപ്പം കേരള സിനിമയിലെ ഒരുകൂട്ടം പ്രസിദ്ധ നടിനടന്മാര്‍ പങ്കെടുത്തു നമ്മെ സന്തോഷത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്ന കലാപരിപാടികള്‍ ആണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കാന്‍ പറ്റുന്ന ഫ്യൂഷന്‍, മിമിക്രി, സ്‌ക്രിപ്റ്റ്, പാട്ടുകള്‍ തുടങ്ങി നിരവധി കലാപരിപാടികള്‍ ഉള്‍പ്പെടുത്തിയാണ് ആണ് പൂമരം എന്ന ഷോ ചിട്ടപ്പെടുത്തിയിട്ടുള്ളത്. 

ഓണഘോഷം വിജയപ്രദമാക്കുവാന്‍ വെസ്റ്റ്ചെസ്റ്റര്‍, ന്യൂയോര്‍ക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് ജോയി ഇട്ടന്‍, വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, സെക്രട്ടറി നിരീഷ് ഉമ്മന്‍, ട്രഷറര്‍ ടെറന്‍സണ്‍ തോമസ്, ജോയിന്റ് സെക്രട്ടറി നിരീഷ് ഉമ്മന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ രാജന്‍ ടി ജേക്കബ്, കോര്‍ഡിനേറ്റര്‍ ആന്റോ വര്‍ക്കി എന്നിവര്‍ അറിയിച്ചു.

വാര്‍ത്ത അയച്ചത് : ശ്രീകുമാര്‍ ഉണ്ണിത്താന്‍