കൊളോണ്‍: ജര്‍മനിയിലെ കൊച്ചുകേരളം എന്നു വിശേഷിപ്പിക്കപ്പെടുന്ന കൊളോണില്‍ മുപ്പത്തിനാലു വര്‍ഷം പിന്നിട്ട കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഓണം ആഘോഷിച്ചു. കൊളോണ്‍ വെസ്സ്‌ലിംഗ് സെന്റ് ഗെര്‍മാനൂസ് ദേവാലയ ഓഡിറ്റോറിയത്തില്‍ ജോണ്‍ പുത്തന്‍വീട്ടില്‍, ജോസ് കവലേച്ചിറ, മാത്യൂസ് കണ്ണങ്കേരില്‍ എന്നിവര്‍ കേരളത്തെ വര്‍ണ്ണിച്ചുകൊണ്ടുള്ള ഗാനാലാപനത്തിന് ദൃശ്യ വിരുന്നൊരുക്കിയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. 

ബ്യൂള്‍ എംഎല്‍എ ഗയോര്‍ഗ് ഗോലാന്റ്, സമാജം പ്രസിഡന്റ് ജോസ് പുതുശേരി, ജനറല്‍ സെക്രട്ടറി ഡേവീസ് വടക്കുംചേരി, കള്‍ച്ചറല്‍ സെക്രട്ടറി ജോസ് കുമ്പിളുവേലില്‍, ഡോ.സോണിയ പുതുശേരി എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്തു. 

അമ്മിണി കോയിക്കര കോ ഓര്‍ഡിനേറ്റ് ചെയ്ത് നേതൃത്വം നല്‍കിയ നേതൃത്വം നല്‍കിയ ഡ്യൂസ്സല്‍ഡോര്‍ഫ് ബ്രൂട്ടീസിന്റെ ബാനറില്‍ ഏലിയാക്കുട്ടി ഛദ്ദ, മേരി വില്യംസ്, മേരി ജയിംസ്, രെമ സുരേന്ദ്രന്‍, അന്നക്കുട്ടി നാല്‍പ്പാട്ട് എന്നിവര്‍ തിരുവാതിരകളി  അവതരിപ്പിച്ചു. 

വില്‍സന്‍ പുത്തന്‍വീട്ടില്‍ ഹാര്‍മോണിയത്തില്‍ വായിച്ച ശ്രുതി രാഗധ്വനിയില്‍, കൊമ്പിന്റെയും (ക്ലിന്‍സ് പുതുശേരി) ചെണ്ടയുടെയും(ബേബിച്ചന്‍ കലേത്തുമുറിയില്‍, ജോസ് പുതുശേരി,അലക്‌സ് കള്ളിക്കാട്ട്, ജോസ് അരീക്കാടന്‍, ലീല വിറ്റ്വര്‍, ഗ്രേസി പഴമണ്ണില്‍, ലില്ലി ജോണ്‍ പുത്തന്‍വീട്ടില്‍), ശംഖിന്റെയും, ഇടക്കയുടെയും (ജോണ്‍ പുത്തന്‍വീട്ടില്‍) താളത്തില്‍(മേരി പുതുശേരി, ത്രേസ്യാക്കുട്ടി കളത്തിപ്പറമ്പില്‍,മേരി അരീക്കാടന്‍, വിവിയന്‍ അട്ടിപ്പേറ്റി) ഡേവീസ് വടക്കുംചേരിയുടെ നേതൃത്വത്തില്‍ ലില്ലി ഊക്കന്‍, അല്‍ഫോന്‍സ അരീക്കാട്ട്, നിര്‍മ്മല പ്‌ളാങ്കാലയില്‍ എന്നിവര്‍ 'കാട്ടിലെ മാനിന്റെ' എന്ന ഗാനം ആലപിച്ച് മാവേലിയ്ക്ക് തിരുമുള്‍ക്കാഴചയായി നല്‍കിയത് പുതുമ നിറഞ്ഞ പരിപാടിയായി. 

നിക്കോള്‍ കാരുവള്ളില്‍, റീന പാലത്തിങ്കലല്‍ എന്നിവര്‍ അവതരിപ്പിച്ച അര്‍ദ്ധശാസ്ത്രീയ നൃത്തം, സത്യ, സാന്ദ്ര, സജന എന്നീ കുട്ടികളുടെ 'ചെത്തി മന്ദാരം' സംഘനൃത്തം, മോനിക്ക ലാംഗറിന്റെ ബോളിവുഡ് റീമിക്‌സ്ഡാന്‍സ്, നിക്കോള്‍ കാരുവള്ളിലും മകള്‍ ജോഹാനയും ചേര്‍ന്ന് ബാഹുബലിയിലെ 'മുകില്‍ വര്‍ണ്ണാ'(അമ്മയും കണ്ണനും) നൃത്തം, തുടങ്ങിയവ സദസ്യരുടെ മുക്തകണ്ഠ പ്രശംസ നേടി. ഫാ.ജോസഫ് ചേലംപറമ്പത്ത് ആശംസാ പ്രസംഗം നടത്തി.

മാത്യു പാറ്റാനിയുടെ ശാസ്ത്രീയ ഗാനം, സുരേന്ദ്രന്റെ ഓണപ്പാട്ട്, ശ്രീജയുടെ മെലഡിഗാനം, വില്യം പത്രോസ്, മേരി വില്യം എന്നിവരുടെ നാടോടി നൃത്തം, എന്നിവ ആഘോഷത്തിന് കൊഴുപ്പുകൂട്ടി. തങ്കരാജ്, കലാശ്രീ, സുനന്ദ എന്നിവര്‍ ഒരുക്കിയ കലാഗ്രൂപ്പിന്റെ പൂക്കളവും, നിര്‍മ്മല ഫെര്‍ണാണ്ടസ്, ഔസേപ്പച്ചന്‍, ഗ്രേസി മുളപ്പന്‍ചേരില്‍, കാര്യാമഠം ജെയിംസ്, റോസമ്മ ദമ്പതികള്‍ ഒരുക്കിയ സസ്യഫലപ്രദര്‍ശനവും തിരുവോണത്തിന്റെ നവ്യതയ്‌ക്കൊപ്പം പ്രൗഢിയും പകര്‍ന്നു.

സമാജം സംഘടിപ്പിച്ച പത്താമത് കര്‍ഷകശ്രീ പട്ടം ആഘോഷവേളയില്‍ സമ്മാനിച്ചു. ഓണത്തോടനുബന്ധിച്ച് നടത്തിയ കൊളോണ്‍ പൊക്കാല്‍ (ട്രോഫി) ചീട്ടുകളി മല്‍സരത്തിലെ വിജയികള്‍ക്കുള്ള ട്രോഫികള്‍ സ്‌പോര്‍ട്‌സ് സെക്രട്ടറി പോള്‍ ചിറയത്ത് തദവസരത്തില്‍ വിതരണം ചെയ്തു.

കേരള സമാജം പ്രസിഡന്റ് ജോസ് പുതുശേരി സ്വാഗതവും ജനറല്‍ സെക്രട്ടറി ഡേവീസ് വടക്കുംചേരി നന്ദിയും പറഞ്ഞു. വാചാലതയുടെ നിറവില്‍ അരങ്ങുണര്‍ത്തി നേര്‍ക്കാഴ്ച്ചയുടെ ഉള്‍ത്തുടിപ്പുകള്‍ നിറച്ച് സമാജം കള്‍ച്ചറല്‍ സെക്രട്ടറി ജോസ് കുമ്പിളുവേലില്‍, ഡോ.സോണിയ പുതുശേരി എന്നിവര്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു.

കേരളത്തനിമയില്‍ തിരുവോണത്തിന്റെ രുചിഭേദത്തില്‍ 16 കൂട്ടം കറികളോടും കൂടി തയ്യാറാക്കിയ വിഭവസമൃദ്ധമായി വിളമ്പിയ സദ്യയും, അടപ്രഥമനും കഴിച്ച മലയാളി, ജര്‍മന്‍ സുഹൃത്തുക്കളുടെ മുഖത്ത് ആസ്വാദ്യതയുടെ സംതൃപ്തി പ്രതിഫലിച്ചിരുന്നു. 

കമ്മിറ്റിയിലെ മറ്റ് അംഗങ്ങളായ സെബാസ്‌ററ്യന്‍ കോയിക്കര(വൈസ് പ്രസിഡന്റ്), പോള്‍ ചിറയത്ത് (സ്‌പോര്‍ട്‌സ് സെക്രട്ടറി), ജോസ് നെടുങ്ങാട് (ജോയിന്റ് സെക്രട്ടറി) എന്നിവരെ കൂടാതെ ജോസി ചെറിയാന്‍, ലില്ലിക്കുട്ടി, ജോസ്/മേരി അരീക്കാടന്‍, മോളി നെടുങ്ങാട്, മേരി പുതുശേരി, അമ്മിണി കോയിക്കര, സാലി ചിറയത്ത്, ഷീന കുമ്പിളുവേലില്‍, എല്‍സി വടക്കുംചേരി, ജോയല്‍ കുമ്പിളുവേലില്‍, ക്‌ളിന്റണ്‍, ക്‌ളിന്‍സ് പുതുശേരി എന്നിവര്‍ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. 

വര്‍ഗീസ് ശ്രാമ്പിക്കല്‍ പരിപാടികള്‍ക്ക് ശബ്ദസാങ്കേതിക സഹായം നല്‍കി. ഫോട്ടോ ജെന്‍സ് കുമ്പിളുവേലില്‍, ജോണ്‍ മാത്യു എന്നിവരും വിഡിയോ വില്യംസ് പത്രോസും, ബൈജു പോളും കൈകാര്യം ചെയ്തു. സമാജത്തിന്റെ യുവജന വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ലഘുവില്‍പ്പനശാലയും പ്രവര്‍ത്തിച്ചിരുന്നു. ഇടവേളയ്ക്കു ശേഷം നടന്ന ഗാനമേളയോടുകൂടി പരിപാടികള്‍ സമാപിച്ചു. 

ജോസ് കുമ്പിളുവേലില്‍