ഒക്‌ലഹോമ: നിയമവിരുദ്ധ ശസ്ത്രക്രിയ നടത്തിയ ബോബ് ലി അലന് (54) ഒക്‌ലഹോമ കോടതി 12 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു.

മരങ്ങള്‍ക്കിടയില്‍ പണിതീര്‍ത്ത കാബിനില്‍ വെച്ചായിരുന്നു സ്വയം സന്നദ്ധനായി മുന്നോട്ടുവന്ന ചെറുപ്പക്കാരന്റെ വൃഷണം കാസ്ട്രേഷന്‍ എന്ന ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. നീക്കം ചെയ്ത ശരീരഭാഗം ഇയാള്‍ ഫ്രീസറില്‍ സൂക്ഷിച്ചിരുന്നു.

ശസ്ത്രക്രിയയ്ക്കുശേഷം നിലയ്ക്കാത്ത രക്തപ്രവാഹം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചെറുപ്പക്കാരന്‍ സംഭവിച്ചതിനെക്കുറിച്ച് ഡോക്ടര്‍മാരോട് വിശദീകരിച്ചു.

ഓഗസ്റ്റില്‍ നടന്ന സംഭവത്തിന്റെ വിചാരണ സെപ്റ്റംബര്‍ 20ന് ആരംഭിക്കാനിരിക്കെയാണ് പ്രതി കുറ്റസമ്മതം നടത്തി ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറായത്.

ലൈസന്‍സില്ലാതെ ശസ്ത്രക്രിയ നടത്തുകയും ഗൂഢാലോചന നടത്തുകയും ചെയ്ത കുറ്റമാണ് ലി അലനെതിരെ പോലീസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

ശസ്ത്രക്രിയയ്ക്കുശേഷം നീക്കം ചെയ്ത വൃഷണം തനിക്ക് കഴിക്കാന്‍ വേണ്ടിയാണ് ഫ്രീസറില്‍ സൂക്ഷിച്ചതെന്ന് തമാശയായി പിന്നീട് അലന്‍ പറഞ്ഞിരുന്നു.

കുറ്റസമ്മതം നടത്തുക എന്നതാണ് ഏറ്റവും ഉചിതമായ തീരുമാനമെന്ന് അലന്‍ പറഞ്ഞു. വളരെ അപകടകരമായ ശസ്ത്രക്രിയ യാതൊരു മുന്നൊരുക്കവും ഇല്ലാതെ ചെയ്തതെന്തിനാണെന്ന ചോദ്യത്തിന് പ്രതികരിക്കാന്‍ അലന്‍ വിസമ്മതിച്ചു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍