ഒക്‌ലഹോമ: ക്രിസ്മസ് സീസണ്‍ ആരംഭിച്ചതോടെ ക്രിസ്മസ് ട്രീ അലങ്കരിക്കുന്നതില്‍ മത്സരം തന്നെ നടക്കുകയാണ്. നിലവിലുള്ള റിപ്പോര്‍ട്ടുകളനുസരിച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്മസ് ട്രീ നവംബര്‍ 26 മുതല്‍ ഒക്‌ലഹോമയില്‍ പൊതുജനങ്ങള്‍ക്ക് കൗതുകമായി മാറിയിരിക്കുന്നു.

വെള്ളിയാഴ്ച വൈകീട്ട് വെസ്റ്റ് പാര്‍ക്ക് അവന്യൂവില്‍ ദീപാലംകൃതമായ ട്രീ പ്രദര്‍ശിപ്പിച്ചു. ശനിയാഴ്ച മുതല്‍ 42 ദിവസം പൊതുജനങ്ങള്‍ക്ക് ഈ ക്രിസ്മസ് ട്രീ കാണുന്നതിനുള്ള അവസരം ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

140 അടി ഉയരമുള്ള ഈ ട്രീ അലങ്കരിക്കുന്നതിന് 20000 എല്‍ഇഡി ബള്‍ബുകളും 10000 ഓര്‍ണമെന്റ്‌സുമാണ് ഉപയോഗിച്ചിരിക്കുന്നത്.

ന്യൂയോര്‍ക്ക് റോക്ക് ഫെല്ലര്‍ പ്ലാസയില്‍ ഉയര്‍ത്തിയിരിക്കുന്ന 79 അടി ഉയരമുള്ള ട്രീയുടെ ഇരട്ടി ഉയരമാണ് പുതിയ ക്രിസ്മസ്ട്രീക്ക്.

ജീസസിന്റെ ജനനം ആഘോഷിക്കുന്നതിനും വിശ്വാസം ഉറപ്പിക്കുന്നതിനുമാണ് ക്രിസ്മസ് കാലം പ്രയോജനപ്പെടുത്തുന്നതെന്ന് ഹാമര്‍ വില്യംസ് കമ്പനി സി.ഇ.ഒ. കെയ്ല്‍ വില്യംസ് പറഞ്ഞു. വില്യം കുടുംബമാണ് ഇത്രയും വലിയ ട്രീ ക്രിസ്മസിനായി സമര്‍പ്പിച്ചിരിക്കുന്നത്. ആദ്യം 100 അടി ഉയരമുള്ള ട്രീയാണ് ഉദ്ദേശിച്ചതെങ്കിലും 140 അടി ഉയരമുള്ള ട്രീ ലഭിച്ചത് അത്ഭുതമായെന്നും കെയ്ല്‍ പറഞ്ഞു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍