സാന്‍ഫ്രാന്‍സിസികോ: ഇന്ത്യയിലേക്ക് യാത്രചെയ്യുമ്പോള്‍ ഒ.സി.ഐ.കാര്‍ഡിനോടൊപ്പം പഴയതും പുതിയതുമായ പാസ്‌പോര്‍ട്ട് കൂടി കരുതുന്നതാണ് ഉചിതമെന്ന് മാര്‍ച്ച് 26 ന് സാന്‍ഫ്രാന്‍സിസ്‌കോ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസിന്റെ പ്രസ് റിലീസില്‍ പറയുന്നു. ഒ.സി.ഐ.കാര്‍ഡുമായി യാത്രചെയ്യുമ്പോള്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശം വെക്കേണ്ടതില്ല എന്ന വാര്‍ത്ത വ്യാപകമായതോടെയാണ് ഇങ്ങനെയൊരു വിശദീകരണം കോണ്‍സുലേറ്റിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.

ഒ.സി.ഐ.കാര്‍ഡില്‍ പഴയ പാസ്‌പോര്‍ട്ട് നമ്പറാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കില്‍ പഴയ പാസ്‌പോര്‍ട്ട് കൈവശം വെക്കേണ്ടതില്ലെന്നും എന്നാല്‍ പുതിയ പാസ്‌പോര്‍ട്ട് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നും കോണ്‍സുലേറ്റ് നിര്‍ദേശിച്ചിട്ടുണ്ട്.

ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ക്ക് ഇതിനെക്കുറിച്ച് ഇന്ത്യന്‍ മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേഴ്‌സ് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഒ.സി.ഐ. കാര്‍ഡ് പുതുക്കുന്നതിനുള്ള ഗൈഡ്‌ലൈന്‍സ് :

1.) 20 വയസിനു താഴെയുള്ളവരുടെ ഒ.സി.ഐ. കാര്‍ഡ് പുതുക്കേണ്ടിവരുമ്പോള്‍ പുതിയ പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണ്.
2.) 20 വയസിനും 50 വയസിനും ഇടയിലുള്ളവര്‍ പാസ്‌പോര്‍ട്ട് പുതുക്കേണ്ടി വരുമ്പോള്‍ ഒ.സി.ഐ.കാര്‍ഡ് പുതിയതായി എടുക്കേണ്ടതില്ല.
3.) 50 വയസ്സിനു മുകളിലുള്ളവര്‍ പാസ്‌പോര്‍ട്ട് പുതുക്കുകയാണെങ്കില്‍ ഒരു തവണ മാത്രം ഒ.സി.ഐ. കാര്‍ഡ് പുതുക്കിയാല്‍ മതി.

ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവരുടെ ഒ.സി.ഐ. കാര്‍ഡ് പുതുക്കുന്നതിനുള്ള സമയം 2021 ജൂണ്‍ 30 ല്‍ നിന്നും 2021 ഡിസംബര്‍ 31 വരെയായി നീട്ടിയിട്ടുണ്ട്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍