വാഷിങ്ടണ്‍ ഡിസി: അനധികൃതമായി അമേരിക്കയില്‍ കുടിയേറിയ മാതാപിതാക്കളുടെ കുട്ടികളെ സംരക്ഷിക്കുന്നതിനും, അവര്‍ക്ക് തൊഴില്‍ ചെയ്യുന്നതിനും ഉന്നത പഠനത്തിനുമുള്ള സൗകര്യങ്ങള്‍ ഉറപ്പിക്കുന്നതിന് ഒമ്പതുവര്‍ഷം മുമ്പ് ഒബാമ ഗവണ്‍മെന്റ് കൊണ്ടുവന്ന ഡ്രീമേഴ്‌സ് ആക്ട് എന്നറിയപ്പെടുന്ന ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍സ് (DACA) പ്രോഗ്രാമിന് സ്ഥിരമായി സുരക്ഷിതത്വം ലഭിക്കുന്നതിനാവശ്യമായ നിയമനിര്‍മാണം കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് മുന്‍ യു.എസ്.പ്രസിഡന്റ് ഒബാമ നിര്‍ദേശിച്ചു. 

ഡാകാ പ്രോഗ്രാം നിയമവിരുദ്ധവും ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കരുതെന്ന് ടെക്‌സാസ് ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഒബാമ.

കഴിഞ്ഞ ഒമ്പതുവര്‍ഷമായി നിരവധി കോടതികളുടെയും രാഷ്ട്രീയക്കാരുടെയും ചര്‍ച്ചാവിഷയമാണ് ഡാകാ പ്രോഗ്രാം. ഇതിന് ശാശ്വതപരിഹാരം കണ്ടെത്തുന്നതിന് കോണ്‍ഗ്രസ് പ്രതികരിക്കേണ്ടസമയം അതിക്രമിച്ചിരിക്കുകയാണെന്നും ഒബാമ പറഞ്ഞു. ശനിയാഴ്ച ട്വിറ്ററിലാണ് ഒബാമ തന്റെ നിര്‍ദേശം വെളിപ്പെടുത്തിയത്.

2012 ല്‍ ഈ പദ്ധതി എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് ഒബാമ നടപ്പാക്കിയത്. തുടര്‍ന്ന് നിരവധി തവണ കോണ്‍ഗ്രസ് നിയമനിര്‍മാണം നടത്തുന്നതിന് ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. ബൈഡന്‍ അധികാരം ഏറ്റെടുത്ത ഉടനെ പ്രസിഡന്റ് ബൈഡനും മറ്റൊരു എക്‌സിക്യൂട്ടീവ് ഉത്തരവ് ഇതിനുവേണ്ടി ഒപ്പുവെക്കേണ്ടി വന്നു. 700000 ത്തിലധികം ഡ്രീമേഴ്‌സിനെ ബാധിക്കുന്ന വിഷയമാണ് ഡാക പ്രോഗ്രാം.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍