വാഷിങ്ടണ്‍ ഡിസി: അമേരിക്കയില്‍ ഇതുവരെ പതിനാറു സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ വേരിയന്റ് കണ്ടെത്തിയതായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ.റോഷിലി വലന്‍ജി ദിസ് വീക്കില്‍ ഇന്ന് നടത്തിയ അഭിമുഖത്തില്‍ അറിയിച്ചു. മാത്രമല്ല ഒമിക്രോണ്‍ കേസുകള്‍ ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്നും ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കി.

ഇപ്പോള്‍ കോവിഡ്19 നു നല്‍കുന്ന കോവിഡ് വാക്‌സിന്‍ ഒമിക്രോണ്‍ പ്രതിരോധിക്കുന്നതില്‍ എത്രമാത്രം ഫലപ്രദമാണെന്ന് വ്യക്തമല്ലെന്നും ഡയറക്ടര്‍ പറഞ്ഞു.

അമേരിക്കയില്‍ ഇപ്പോള്‍ പ്രതിദിനം 100000 കേസുകള്‍ കണ്ടെത്തുന്നുണ്ടെന്നും ഇതില്‍ 99 ശതമാനവും ഡെല്‍റ്റാ വേരിയന്റാണെന്നും ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ ഡെല്‍റ്റാ വേരിയന്റിനേക്കാള്‍ ഇരട്ടി വ്യാപനശക്തിയുള്ളതാണെന്നും അടുത്ത ആറുമാസത്തിനുള്ളില്‍ എന്തുസംഭവിക്കുമെന്നും പറയാന്‍ കഴിയില്ലെന്നും ഡയറക്ടര്‍ പറഞ്ഞു. പുതിയ വൈറസിനോട് യുദ്ധം ചെയ്യുന്നതിന് ഓരോരുത്തരും അവരുടെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതാണ് ഏറ്റവും നല്ല പ്രതിരോധമെന്നും ഡയറക്ടര്‍ ഉദ്‌ബോധിപ്പിച്ചു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍