വാന്‍കൂവര്‍: കാനഡയിലെ എന്‍എസ്എസ് കരയോഗം വികസനത്തിന്റെ ഭാഗമായി, എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് സുനില്‍ നായരുടെ  അധ്യക്ഷതയില്‍ എന്‍എസ്എസ് ഓഫ്  ബ്രിട്ടീഷ് കൊളംബിയ, കാനഡയില്‍ രൂപീകൃതമായി.  എന്‍എസ്എസ്  നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ ബോര്‍ഡ്  ഡയറക്ടര്‍മാരിലൊരാളായ  പ്രൊഫസര്‍ ശ്രീകുമാരി നായര്‍, എന്‍എസ്എസ് ഓഫ് എഡ്മന്റണ്‍  പ്രസിഡന്റ് ശ്രീധരന്‍ പിള്ള എന്നിവരും  സന്നിഹിതരായിരുന്നു.

2020-2022 വര്‍ഷത്തെ ചാപ്റ്റര്‍ പ്രസിഡന്റായി തമ്പാനൂര്‍ മോഹന്‍ ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു. അച്ചടി, ഡിജിറ്റല്‍, ദൃശ്യമാധ്യമപ്രവര്‍ത്തനായ തമ്പാന്നൂര്‍ മോഹന്‍ പ്രശസ്ത ടെലിവിഷന്‍ പ്രോഗ്രാമായ കനേഡിയന്‍ കണക്ഷന്റെ നിര്‍മ്മാതാവാണ്. നോര്‍ത്ത് അമേരിക്കയില്‍നിന്ന് കൈരളി ടിവിക്കു വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണദ്ദേഹം. 

ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ശശി നായര്‍, സെക്രട്ടറി അനിത നവീന്‍, ട്രഷറര്‍ വരുണ്‍ ഗോപിനാഥ് എന്നിവരാണ് മറ്റു സാരഥികള്‍. മനു മോഹനന്‍ പിള്ള, ശാലിനി ഭാസ്‌കര്‍, ദിവ്യ.എസ്.പിള്ള എന്നിവരെ ബോര്‍ഡ്  അംഗങ്ങളായി തിരഞ്ഞെടുത്തു. അഡൈ്വസറി ബോര്‍ഡ് ചെയര്‍പേഴ്സണായി ഉണ്ണി  ഓപ്പത്ത് തിരഞ്ഞെടുക്കപ്പെട്ടു. 2020-2022 ബോര്‍ഡ് ഭാരവാഹികള്‍ക്കൊപ്പം രാജശ്രീ നായര്‍, വരുണ്‍ രാജ് എന്നിവരും സ്ഥാപക മെംബര്‍മാരായി എന്‍എസ്എസ് ഓഫ് ബ്രിട്ടീഷ് കൊളംബിയയില്‍ സേവനമനുഷ്ഠിക്കുന്നതാണ്.

നിലവില്‍, കുടുംബ-വിവാഹ കൗണ്‍സിലിംഗ്, ശിശുക്ഷേമം, വാര്‍ധക്യ സേവനങ്ങള്‍, അടിയന്തര സാമ്പത്തിക സഹായം എന്നിവയില്‍ എന്‍എസ്എസ് സഹായങ്ങള്‍ നല്‍കിവരുന്നു. ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍ ഡിസി, ഹൂസ്റ്റണ്‍, ഡാലസ്, കാലിഫോര്‍ണിയ, ഷിക്കാഗോ, ടൊറാന്‍ഡോ, ഫിലാഡല്‍ഫിയ, മിനസോട്ട, എഡ്മന്റന്‍, ന്യൂജേഴ്‌സി തുടങ്ങി വടക്കേ അമേരിക്കയിലെ എല്ലാ പ്രധാന നഗരങ്ങളിലുമായി 20 നായര്‍ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

നായര്‍ സമൂഹത്തിലെ അര്‍ഹരായ അംഗങ്ങള്‍ക്കായി ചാരിറ്റി പ്രവര്‍ത്തനങ്ങളും അക്കാദമിക്, കരിയര്‍, ബിസിനസ് മേഖലകളില്‍ മാര്‍ഗ നിര്‍ദേശങ്ങളും നല്‍കിവരുന്നു. സ്ത്രീകളുടെയും യുവതലമുറകളായ കുട്ടികളുടെയും പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും നേതൃത്വഗുണങ്ങള്‍ വളര്‍ത്തുകയും ചെയ്യുന്നു.

പ്രാദേശിക നായര്‍ അസോസിയേഷനുകള്‍ ചാരിറ്റി പരിപാടികള്‍, പ്രതിമാസ ഭജനകള്‍, മതപരമായ ഉത്സവങ്ങള്‍, ഓണം-വിഷു ആഘോഷങ്ങള്‍, കുടുംബ യോഗങ്ങള്‍, വിനോദയാത്ര എന്നിവ എന്‍.എസ്.എസിന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്നു.

നോര്‍ത്ത് അമേരിക്കയിലെ സാമുദായക പ്രവര്‍ത്തനത്തിനൊപ്പം നാട്ടിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്ക സജീവമാണ്.