ലോസ് ആഞ്ജലിസ്: ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാദിനം തികച്ചും വ്യത്യസ്തമായ രീതിയില്‍ ആഘോഷിക്കാനൊരുങ്ങി ഒരുകൂട്ടം ചിത്രകാരികള്‍. ലോകത്തിന്റെ വിവിധ കോണുകളിരുന്നുകൊണ്ടു ഓണ്‍ലൈനായി ഒരു ചിത്രപ്രദര്‍ശനമൊരുക്കിയാണ് അവര്‍ ഈവര്‍ഷത്തെ വനിതാദിനം ആഘോഷിക്കുന്നത്.

കൊച്ചിയിലെ ആര്‍ട്ട് ഇന്‍ ആര്‍ട്ട് സംഘടിപ്പിക്കുന്ന ഈ പ്രദര്‍ശനത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവരോടൊപ്പം അമേരിക്ക, ഖത്തര്‍, യു.എ.ഇ, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള മുപ്പത്തിരണ്ട് ചിത്രകാരികള്‍ പങ്കെടുക്കും. സ്ത്രീ ശാക്തീകരണം മുഖ്യ വിഷയമാക്കി നടത്തുന്ന ചിത്രപ്രദര്‍ശനത്തില്‍ വെച്ച് ഈവര്‍ഷത്തെ പദ്മഭൂഷണ്‍ പുരസ്‌കാരത്തിനര്‍ഹയായ ഗായിക കെ.എസ്.ചിത്രയെ ആദരിക്കുന്നതിനായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പത്തു ചിത്രകാരികള്‍ ചേര്‍ന്ന് പൂര്‍ത്തിയാക്കിയ ചിത്രയുടെ ഛായാചിത്രം സമ്മാനിക്കുന്നതാണ്. ചിത്രത്തിന്റെ ഓരോഭാഗങ്ങളും വരച്ചത് വിവിധ രാജ്യങ്ങളിരുന്ന പത്തുപേരാണ്. പത്തുഭാഗങ്ങളും കൂട്ടിച്ചേര്‍ത്തു പൂര്‍ണരൂപത്തിലാക്കിയ ചിത്രം പിന്നീട് സമ്മാനിക്കുമെന്ന് സംഘാടകയും ചിത്രകാരിയുമായ സീമ സുരേഷ് അറിയിച്ചു കാലിഫോര്‍ണിയയില്‍ നിന്നും ചിത്രകാരികളായ രേണു സുജിത്, ബിന്ദു സുരേഷ്, അറ്റ്‌ലാന്റയില്‍ നിന്നും സുജ മേനോന്‍ എന്നിവരും ഈ ചിത്രത്തിന്റെ രചനയിലും പ്രദര്‍ശനത്തിലും പങ്കാളികളാകുന്നുണ്ട്.
 
അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് വൈകീട്ട് നാലുമണിക്ക് നര്‍ത്തകി ഡോ.രാജശ്രീ വാര്യര്‍, പൊതുപ്രവര്‍ത്തക സീന ബ്രിട്ടോ, അവതാരകരായ സിന്ധു ബിജു (ദുബായ്), ലക്ഷ്മി പദ്മ (ഏഷ്യാനെറ്റ് ന്യൂസ്) എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്ന 'ഷീ സ്‌ട്രോക്‌സ്' എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനം ആര്‍ട് ഇന്‍ ആര്‍ട്ടിന്റെ യു ട്യൂബ് ചാനലില്‍ കാണാവുന്നതാണ്.