ഡാലസ്: കേരള ലിറ്റററി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 25 ന് (4 pm CST) എം.പി. ഷീലയുടെ രണ്ടാമതു നോവല്‍ ആയ 'മൂന്നാമൂഴം' ചര്‍ച്ചചെയ്യപ്പെടുന്നു.

മഹാഭാരതത്തിലെയും പുരാണങ്ങളുടെയും രാജവീഥിയിലൂടെ കഥാപാത്രങ്ങള്‍ക്കൊപ്പം എഴുത്തുകാരി നടത്തിയ സഞ്ചാരമാണ് ഈ നോവല്‍. പ്രൗഢമായ സാഹിത്യഭാഷയിലൂടെയും ഗംഭീരമായ ഭാവനയിലൂടെയും എഴുത്തുകാരിയുടെ സ്വാതന്ത്ര്യം പരമാവധി പ്രയോജനപ്പെടുത്തി സൃഷ്ടിച്ച ഈ നോവല്‍ മലയാള ഭാഷയ്ക്ക് ഒരു മുതല്‍കൂട്ട് ആണെന്ന് പറയാം. പൂര്‍വജന്മ കഥകളുടെ സങ്കീര്‍ണതകളില്‍ ദ്രൗപതി എന്ന ഇതിഹാസ നായികയെ സൃഷ്ടിച്ച കൃഷ്ണദ്വൈപായനന്‍ പറയാതെ പറഞ്ഞുപോകുന്ന ഒരു രഹസ്യ ബന്ധത്തിന്റെ നേര്‍കണ്ണാടിയാണ് ഈ രചന. ലോകോത്തര സാഹിത്യകൃതിയായി മഹാഭാരതത്തിലെ അനശ്വരകഥാപാത്രങ്ങളെ അധികമാകാതെ ധര്‍മ്മ വിശകലന വിധേയമാക്കി എഴുത്തുകാരി സൃഷ്ടിക്കുന്നത് പുതിയ മാനങ്ങളാണ്.

ഈ നോവലിനെക്കുറിച്ചും രചനാനുഭവങ്ങളെക്കുറിച്ചും കഥാകാരിയുമായി നേരില്‍ സംവദിയ്ക്കാനുള്ള അവസരം ഒരുക്കുകയാണ് കേരളാ ലിറ്റററി സൊസൈറ്റി, ഡാലസ്.

പരിപാടിയില്‍ പ്രൊഫ. ദര്‍ശന മനയത്ത് (യൂണിവേഴ്‌സിറ്റി ആഫ് ഓസ്റ്റിന്‍), പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം, പ്രൊഫ.എം ജി ചന്ദ്രശേഖരന്‍, പൊഫ.ബാബു പുളിമൂട്ടില്‍ തുടങ്ങിയവര്‍ക്കു പുറമേ മനോഹര്‍ തോമസ്, ജെ മാത്യൂസ്, ബിന്ദു ടിജി, തുടങ്ങി അമേരിക്കന്‍ മലയാളികള്‍ക്കു സുപരിചിതരായ അനേകം എഴുത്തുകാരും പങ്കെടുക്കും.

ഈ സൂം സാഹിത്യവിരുന്നിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കേരളാ ലിറ്റററി സൊസൈറ്റി പ്രസിഡന്റ് സിജു വി ജോര്‍ജ്ജ് അറിയിച്ചു.

സൂം ഐ ഡി: 878 5146 6454
പാസ്‌കോഡ്: 770141
സമയം: ഏപ്രില്‍ 25  ഞായറാഴ്ച (4 pm CST)

വാര്‍ത്തയും ഫോട്ടോയും : മാര്‍ട്ടിന്‍ വിലങ്ങോലില്‍