ന്യൂയോര്‍ക്ക് കേരള സെന്ററിന്റെ 29-ാമത് പുരസ്‌കാര നിശ വര്‍ണ്ണാഭമായി. നവംബര്‍ പതിമൂന്നിന് എല്‍മണ്ടിലെ കേരളാ സെന്റര്‍ ആസ്ഥാനത്തായിരുന്നു അവാര്‍ഡ് ദാന ചടങ്ങ്.

വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച ആറു പേര്‍ക്കാണ് ഇത്തവണ പുരസ്‌കാരം നല്‍കിയത്. കൂടാതെ കൊവിഡ് മഹാമാരിയുടെ കാലത്തെ സേവനത്തിന് രണ്ടു ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പുരസ്‌കാരവും നല്‍കി. മെഡിസിന്‍ & പ്രൊഫഷണല്‍ സേവന മേഖലകളില്‍ നിന്ന് ഡോ.ജോര്‍ജ് എബ്രഹാം, പൊതുസേവനത്തിന് ഡോ.ദേവി നമ്പ്യാപറമ്പില്‍, രാഷ്ട്രീയ നേതൃത്വത്തിന് മേയര്‍ റോബിന്‍ ഇലക്കാട്ട്, നഴ്‌സിംഗിലും സാമൂഹ്യസേവനത്തിനും മേരി ഫിലിപ്പ്, നിയമ രംഗത്തെ സേവനത്തിന് അറ്റോര്‍ണി നന്ദിനി നായര്‍, പെര്‍ഫോമിംഗ് ആര്‍ട്സില്‍ ചന്ദ്രിക കുറുപ്പ് എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍.

കോവിഡ് മഹാമാരിയുടെ കാലത്തെ സേവനത്തിന് പ്രത്യേക പുരസ്‌കാരം നല്‍കപ്പെട്ടത് ഡോക്ടര്‍ ദമ്പതികളായ സാബു വര്‍ഗീസിനും ബ്ലെസി മേരി ജോസഫിനുമാണ്. ബെയ്ലി സ്റ്റീഫന്റെയും ലോറന്‍ ജോസഫിന്റെയും അമേരിക്കന്‍, ഇന്ത്യന്‍ ദേശീയ ഗാനാലപത്തോടെ പുരസ്‌കാര രാവിന്റെ തിരശീല ഉയര്‍ന്നു. പ്രസിഡന്റ് അലക്സ് കെ. എസ്തപ്പാന്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങളും ലക്ഷ്യങ്ങളും ഹ്രസ്വമായി വിവരിച്ചുകൊണ്ട് ആഘോഷരാവിനെ ധന്യമാക്കാന്‍ സന്നിഹിതരായ സഹൃദയരായ എല്ലാവരെയും സ്വാഗതം ചെയ്തു.

ഇന്ത്യന്‍ കോണ്‍സല്‍ എ.കെ.വിജയകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. നമ്മുടെ കമ്മ്യൂണിറ്റിയിലെ വ്യക്തികള്‍ നല്ല നിലയില്‍ എത്തുന്നതും നല്ല കാര്യങ്ങള്‍ ചെയ്തു എന്നു കേള്‍ക്കുന്നതും വളരെ സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്ന് മലയാളിയായ കോണ്‍സല്‍ വിജയകൃഷ്ണന്‍ പറഞ്ഞു. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവാര്‍ഡ് കമ്മിറ്റിയുടെയും ഡയറക്ടര്‍ ബോര്‍ഡിന്റെയും ചെയര്‍മാനായ ഡോ.മധു ഭാസ്‌കരന്‍ മുഖ്യാതിഥിയെ പരിചയപ്പെടുത്തി.

അവാര്‍ഡ് ജേതാവ് കൂടിയായ ഡോ. ഡോ. ജോര്‍ജ് എബ്രഹാമാണ് മുഖ്യ പ്രഭാഷണം നടത്തിയത്. ഒരു ഓര്‍ഗനൈസേഷന്‍ ശക്തി പ്രാപിക്കുന്നത് അതിലെ എല്ലാ വിഭാഗങ്ങളെയും കാഴ്ചപ്പാടുകളെയും ഉരുക്കിയെടുക്കുമ്പോളാണെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. കേരള സെന്റര്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും അവാര്‍ഡ് കമ്മിറ്റി മെംബറുമായ ഡോ.തോമസ് എബ്രഹാം ഡോ.ജോര്‍ജ് എബ്രഹാമിനെ പരിചയപ്പെടുത്തി. ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സല്‍ എ. കെ. വിജയകൃഷ്ണന്‍ അവാര്‍ഡ് സമ്മാനിച്ചു.

രാഷ്ട്രീയ രംഗത്തെ നേട്ടത്തിന് ആദരിക്കപ്പെട്ടത് ടെക്‌സാസിലെ സിറ്റിയായ മിസ്സോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് ആണ്. റെഡ് സ്റ്റേറ്റ് ആയ ടെക്സസ്സില്‍ നിന്നും ബ്ലൂ സ്റ്റേറ്റ് ആയ ന്യൂയോര്‍ക്കില്‍ വന്നപ്പോള്‍ താന്‍ കേട്ട പല കാര്യങ്ങളും സി എന്‍ എന്‍ ഉണ്ടാക്കിയ കഥകള്‍ മാത്രമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മേയറായതിന് ശേഷം തനിക്ക് ആദ്യമായി ഒരു അവാര്‍ഡ് കിട്ടുന്നത് കേരള സെന്ററില്‍ നിന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേരള സെന്ററിന്റെ മതേതര മുഖം മലയാളിയുടെ അഭിമാനം എന്നും അദ്ദേഹം പറഞ്ഞു. കേരള സെന്ററിന്റെ യുവ നേതാവായ ജെയിംസ് തോമസാണ് മേയര്‍ റോബിന്‍ ഇലക്കാട്ടിനെ പരിചയപെടുത്തിയത്. മലയാളിയും ന്യൂയോര്‍ക്ക് സെനറ്ററുമായ കെവിന്‍ തോമസ് അവാര്‍ഡ് സമ്മാനിച്ചു.

പൊതു സേവനത്തിന് അവാര്‍ഡ് നേടിയത് ഡോ. ദേവി നമ്പ്യാപറമ്പിലാണ്. ഡോ. ദേവി ഈ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്ഥാനമായ പബ്ലിക് അഡ്വക്കേറ്റ് സ്ഥാനത്തേക്ക് റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

കോവിഡ് കാലത്തു താനും തന്റെ കുടുംബവും കടന്നു പോയ ദുരിത അനുഭവങ്ങള്‍ തന്നെ പൊതു സേവനത്തിന് കൂടുതല്‍ പ്രേരിപ്പിച്ചുവെന്ന് അവര്‍ പ്രസ്താവിച്ചു. തെരഞ്ഞെടുപ്പില്‍ തന്നെ സഹായിച്ച മലയാളി സമൂഹത്തോട് ഡോ. ദേവി പ്രത്യേകമായി നന്ദി പറഞ്ഞു. കേരള സെന്റര്‍ ബോര്‍ഡ് മെമ്പര്‍ രാജു തോമസ് ഡോ. ദേവിയെ പരിചയപ്പെടുത്തി. അറ്റോര്‍ണി അപ്പന്‍ മേനോന്‍ അവാര്‍ഡ് സമ്മാനിച്ചു.

നിയമ രംഗത്തെ അവാര്‍ഡിന് അര്‍ഹയായത് അറ്റോര്‍ണി നന്ദിനി നായര്‍ ആണ്. ഒന്നുമില്ലാതെ വന്ന് അമേരിക്കന്‍ ഡ്രീം വെട്ടിപ്പിടിച്ച തന്റെ മാതാപിതാക്കള്‍ തന്റെ വഴികാട്ടിയാണെന്ന് ഇമ്മിഗ്രേഷന്‍ അറ്റോര്‍ണിയായ നന്ദിനി നായര്‍ പറഞ്ഞു. കേരള സെന്റര്‍ ബോര്‍ഡ് മെംബര്‍ ഡോ.തെരേസ ആന്റണിയാണ് നന്ദിനി നായരെ പരിചയപ്പെടുത്തിയത്. സബിന്‍സ കോര്‍പ്പറേഷനിലെ ഡോ.ആശ രമേശ് അവാര്‍ഡ് സമ്മാനിച്ചു.

നഴ്സിംഗ് & കമ്മ്യൂണിറ്റി സര്‍വീസിന് അവാര്‍ഡ് നേടിയത് മേരി ഫിലിപ്പാണ്. മറ്റുള്ള സംഘടനകളുടേതില്‍ നിന്നും ഒരു വേറിട്ട പ്രവര്‍ത്തനമാണ് കേരള സെന്ററിന്റേതെന്ന് മേരി ഫിലിപ്പ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ക്രിസ്റ്റി തോട്ടം മേരി ഫിലിപ്പിനെ പരിചയപ്പെടുത്തി കേരള സെന്റര്‍ ട്രസ്റ്റി ഡോ.ഉണ്ണി മൂപ്പന്‍ അവാര്‍ഡ് സമ്മാനിച്ചു.

പെര്‍ഫോമിംഗ് ആര്‍ട്സില്‍ അവാര്‍ഡ് നേടിയത് ചന്ദ്രിക കുറുപ്പ് ആണ്. തന്റെ കൂട്ടികള്‍ വലുതായി ഡാന്‍സ് സ്‌കൂളുകള്‍ ആരംഭിച്ചിരിക്കുന്നത് കാണുന്നതില്‍ വളരെ സന്തോഷമുണ്ടെന്നു ചന്ദ്രിക പറഞ്ഞു. കേരള സെന്റര് യുവ നേതാവ് ആനി എസ്തപ്പാന്‍ ചന്ദ്രിക കുറുപ്പിനെ പരിചയപ്പെടുത്തി. അബ്രഹാം ഫിലിപ്പ് (സി.പി.എ) അവാര്‍ഡ് സമ്മാനിച്ചു.

അവാര്‍ഡ് ദാന ചടങ്ങിനോടനുബന്ധിച്ചിറക്കിയ സുവനീറിന്റെ പ്രകാശനം കമ്മിറ്റി ചെയര്‍മാന്‍ പി. റ്റി. പൗലോസ് മറ്റു കമ്മിറ്റി അംഗങ്ങളായ ജോണ്‍ പോള്‍, എബ്രഹാം തോമസ് എന്നിവരുടെ സാന്നിധ്യത്തില്‍ ഡോ.സൂസന്‍ ജോര്‍ജിന് ഒരു കോപ്പി നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു.

കേരള സെന്റര്‍ സാരഥി ഇ.എം.സ്റ്റീഫന്റെ അഭാവത്തില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ തമ്പി തലപ്പള്ളിയും ഡയറക്ടര്‍ എബ്രഹാം തോമസും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അവാര്‍ഡ് ഡിന്നറിന്റെ ചെയര്‍മാന്‍ ജെയിംസ് തോട്ടം ആയിരുന്നു.

ചടങ്ങിന്റെ എംസിയായിരുന്ന ഡെയ്സി പള്ളിപ്പറമ്പില്‍ ഈ പരിപാടിയെ ഹൃദയ സ്പര്‍ശിയായ ഒരനുഭവമാക്കി. ശാലിനി രാജേന്ദ്രന്റെയും ലോറന്‍ ജോസഫിന്റെയും സ്വരമധുരമായ ഗാനങ്ങളും നൂപുര ഡാന്‍സ് സ്‌കൂളിലെ കലാകാരികളുടെ നൃത്തച്ചുവടുകളും അവാര്‍ഡ് രാവിന് വര്‍ണ്ണപ്പകിട്ടേകി. സെക്രട്ടറി ജിമ്മി ജോണ്‍ വിശിഷ്ട വ്യക്തികള്‍ക്കും സദസ്യര്‍ക്കും ഈ പരിപാടി വിജയിപ്പിക്കുവാന്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു. അതിനു ശേഷം വിഭവ സമൃദ്ധമായ ഡിന്നറോടുകൂടി പുരസ്‌കാര രാവ് പൂര്‍ണ്ണമായി.

വാര്‍ത്തയും ഫോട്ടോയും : ജോസ് കാടാപുറം