ഫെയര്‍ഫീല്‍ഡ്: കാലിഫോര്‍ണിയ ഫെയര്‍ഫീല്‍ഡ് വ്യാപാര സ്ഥാപനത്തിന്റെ സമീപം സ്ഥാപിച്ചിരുന്ന ഡംപ്സ്റ്ററിനു പുറകില്‍ പാതയോരത്ത് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി അപ്രത്യക്ഷയായ സ്ത്രീ പിടിയിലായി.

ജൂലായ് 30-നായിരുന്നു സംഭവം. ഗര്‍ഭിണിയായ യുവതി സംശയാസ്പദമായ രീതിയില്‍ ഈ പ്രദേശത്ത് ചുറ്റിക്കറങ്ങുന്നതായി വിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ പാതയോരത്ത് രണ്ടു പിഞ്ചുകുഞ്ഞുങ്ങള്‍ കിടക്കുന്നതാണ് ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ഇതിനകം ഒരു കുഞ്ഞു മരിച്ചിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ച് ആവശ്യമായ ചികിത്സ നല്‍കിയതിനാല്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 

മൂന്നാഴ്ചയായി ഇവര്‍ ഈ പരിസരത്ത് ചുറ്റിക്കറങ്ങുന്നതായി കണ്ടിരുന്നുവെന്ന് സമീപത്തുള്ള വ്യാപാരകേന്ദ്രത്തിലെ ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അധികം ദൂരെയല്ലാതെ അമ്മയെ കണ്ടെത്തി പോലീസ് പിടികൂടി ആശുപത്രിയിലെത്തിച്ചു. സ്ത്രീയെക്കുറിച്ചുള്ള വിവരങ്ങളൊന്നും പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍