ന്യൂയോര്‍ക്ക്: കോവിഡ്19 മഹാമാരിയുടെ പരിണിതഫലങ്ങള്‍ ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിച്ച ന്യൂയോര്‍ക്കിലെ തൊഴില്‍ രഹിതര്‍ക്ക് ആശ്വാസവാക്ക്.

സംസ്ഥാനത്തെ തൊഴില്‍ രഹിതര്‍ക്ക് സാധാരണ ലഭിച്ചുകൊണ്ടിരിക്കുന്ന 26 ആഴ്ചയിലെ തൊഴില്‍ രഹിതവേതനം 13 ആഴ്ച കൂടി ലഭിക്കുമെന്ന് ന്യൂയോര്‍ക്ക് മേയര്‍ ഡി ബ്ലാസിയൊ വ്യാഴാഴ്ച അറിയിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം ന്യൂയോര്‍ക്ക് സിറ്റിയിലെ തൊഴില്‍ രഹിതര്‍ക്ക് ആശ്വാസകരമാണെന്ന് മേയര്‍ കൂട്ടിച്ചേര്‍ത്തു.

യു.എസ്.കോണ്‍ഗ്രസ് തൊഴില്‍ രഹിത വേതനം നീട്ടുന്നതിനെക്കുറിച്ച് വ്യക്തമായ തീരുമാനം കൈക്കൊള്ളാത്ത സാഹചര്യത്തില്‍ സംസ്ഥാനം 600 ഡോളര്‍ വീതം 13 ആഴ്ച കൂടി നല്‍കണമെന്ന തീരുമാനം 1 മില്യണ്‍ തൊഴില്‍ രഹിതര്‍ക്ക് അല്പമെങ്കിലും തലയുയര്‍ത്തി നില്‍ക്കുന്നതിന് അവസരം നല്‍കിയിരിക്കുകയാണെന്ന് തൊഴിലാളി സംഘടനകള്‍ പറയുന്നു.

സംസ്ഥാനത്തെ തൊഴില്‍ രഹിതരുടെ എണ്ണം വളരെ കൂടുതലാണെങ്കിലും ന്യൂയോര്‍ക്ക് സിറ്റിക്ക് മാത്രമാണ് പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സിറ്റിയിലെ അണ്‍ എംപ്ലോയ്‌മെന്റ് റേറ്റ് മഹാമാരിയെ തുടര്‍ന്ന് 18 ശതമാനമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. മഹാമാരി ആരംഭിച്ചതിനുശേഷം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് തുടര്‍ച്ചയായി 18 ആഴ്ചയാണ് തൊഴില്‍ രഹിത വേതനം ലഭിച്ചിരിക്കുന്നത്. 

വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍