മിഷിഗണിലെ മലയാളികളായ ഫിസിക്കല്‍ തെറാപ്പിസ്റ്റുകളുടെ നേതൃത്വത്തില്‍ ആറ് വര്‍ഷം മുമ്പ് രൂപം കൊണ്ട മലയാളി ഫിസിക്കല്‍ തെറാപ്പിസ്റ്റ് ഓഫ് മിഷിഗണ്‍ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. കഴിഞ്ഞ രണ്ട് വര്‍ഷകാലം സംഘടനയുടെ സെക്രട്ടറിയായി സേവനം അനുഷ്ടിച്ച ജയ്മോന്‍ ജേക്കബിനെ പ്രസിഡന്റായും, ട്രഷറര്‍ ആയി പ്രവര്‍ത്തിച്ച രാജീവ് ജോസഫിനെ സെക്രട്ടറിയായും ഐക്യകണ്‌ഠേനയാണ് തിരഞ്ഞെടുത്തത്. മറ്റ് ഭാരവാഹികളായി ട്രഷറര്‍ എലിസബത്ത് തോമസ് (ഷീബ), വൈസ് പ്രസിഡന്റ് റെജി വര്‍ക്കി, ജോയിന്റ് സെക്രട്ടറി ദീപ്തി ചോരത്, ജോയിന്റ് ട്രഷറര്‍ ഹണി ജേക്കബ് എന്നിവരെയും തിരഞ്ഞെടുത്തു.

സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഈപ്പന്‍ ചെറിയാന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷകാലം നടന്ന പ്രവര്‍ത്തനങ്ങളെ യോഗം അഭിനന്ദിച്ചു. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ റെഡ് ക്രോസ്സിനോടൊപ്പം ചേര്‍ന്ന് വിജയകരമായി നടപ്പിലാക്കിയ രക്തദാന ക്യാമ്പ്, കുട്ടികള്‍ക്ക് പ്രസംഗ പരിശീലനം നല്‍കുന്നതിനും അവരിലെ സാഹിത്യ അഭിരുചികള്‍ വളര്‍ത്തുന്നതിനും വ്യക്തിത്വ വികസനത്തിനുമായി ആരംഭിച്ച് ഇപ്പോള്‍ വിജയകരമായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഗാവല്‍ ക്ലബ്ബ്, നിരവധിയായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകിച്ചും നിര്‍ദ്ധനരായ രോഗികള്‍ക്ക് നല്‍കിയ ചികിത്സാ ധനസഹായം, പ്രളയ കെടുതിയില്‍ സര്‍വ്വതും നഷ്ടപെട്ടവര്‍ക്കായി പണം സമാഹരിച്ച് നേരിട്ട് എത്തിച്ചു കൊടുത്തതുമെല്ലാം സംഘടനയുടെ ഇരുപത്തഞ്ച് എക്സിക്യൂട്ടിവ് അംഗങ്ങളും ഒന്നിച്ച് നിന്ന് ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമാണെന്ന് ഈപ്പന്‍ ചെറിയാന്‍ അഭിപ്രായപ്പെട്ടു.

പുതിയ പ്രസിഡന്റ് ആയി സ്ഥാനമേറ്റ ജയ്മോന്‍ ജേക്കബ് സംഘടനയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഗാവല്‍ ക്ലബ്ബ്, ഫിസിക്കല്‍ തെറാപ്പിസ്റ്റുകള്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ ആവശ്യമായ 'സി ഇ യൂ' ക്ലാസ്സുകള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, നിര്‍ദ്ധനരായവര്‍ക്കുള്ള പഠന, ചികത്സാ ധന സഹായങ്ങള്‍, ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് എന്നീ പ്രവര്‍ത്തനങ്ങള്‍ വരും വര്‍ഷങ്ങളിലും തുടരും. മിഷിഗണിലെ മലയാളി സമൂഹത്തിന് പ്രയോജനകരമാകും വിധത്തില്‍ കമ്മ്യുണിറ്റിയില്‍ നിന്നുള്ള ഡോക്ടര്‍സിനേയും നഴ്സിനെയും ഉള്‍പ്പെടുത്തികൊണ്ട് ഹെല്‍ത്ത് ക്യാമ്പുകള്‍ തുടര്‍ന്നും നടത്തുവാനും അത് പോലെ ഇതര കമ്മ്യൂണിറ്റി ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുവാനും തീരുമാനിച്ചു.

ജോയിച്ചന്‍ പുതുക്കുളം