ഡാലസ്: ടെക്സസിലെ ഡാലസിനോട് ചേര്‍ന്ന് കിടക്കുന്ന ടറന്റ് കൗണ്ടിയില്‍ ഈ വാരാന്ത്യം 1500 പുതിയ കോവിഡ്19 കേസുകള്‍ സ്ഥിരീകരിച്ചതായി കൗണ്ടി അധികൃതര്‍ ജൂലായ് 18ന് അറിയിച്ചു.

മാസങ്ങളുടെ ഇടവേളയ്ക്കുശേഷം ആദ്യമായാണ് ഇത്രയും കേസുകള്‍ കണ്ടെത്തുന്നത്. 966 കേസുകള്‍ ശനിയാഴ്ചയും 527 കേസുകള്‍ ഞായറാഴ്ചയുമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

രാജ്യത്താകമാനം കോവിഡ്19 കേസുകള്‍ വര്‍ധിക്കുന്നതോടൊപ്പം സമാന്തരമായി ഡല്‍റ്റാ വേരിയന്റ് കേസുകളും ഉയരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.

ഫോര്‍ട്ട്വര്‍ത്തില്‍ 40 വയസ്സുള്ള ഒരാളുടെ മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

മാര്‍ച്ചിന് ശേഷം ടറന്റ് കൗണ്ടിയില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗവും വാക്സിനേഷന്‍ സ്വീകരിക്കാത്തവരിലാണ്. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ 17533 പേരില്‍ കോവിഡ് സ്ഥിരീകരിച്ചുവെങ്കിലും ഇതില്‍ 98.9 ശതമാനവും വാക്സിനേറ്റ് ചെയ്യാത്തവരാണ്.

അടിയന്തിരമായി കൗണ്ടിയിലെ എല്ലാവരും കോവിഡ്19 വാക്സിനേഷന്‍ സ്വീകരിക്കണമെന്ന് കൗണ്ടി ഹെല്‍ത്ത് ഡയറക്ടര്‍ വിന്നി റ്റനീജ അഭ്യര്‍ത്ഥിച്ചു. ഡാലസിലും കോവിഡ് കേസുകളില്‍ അല്പം വര്‍ധനവുണ്ടായിട്ടുണ്ട്. മാത്രമല്ല ആഫ്രിക്കയില്‍ നിന്നുള്ള വൈറസ് 'മങ്കി പോക്സ്' ആദ്യമായി കണ്ടെത്തിയതും ഡാലസിലാണ്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍