നോര്‍ത്ത് അമേരിക്കന്‍ നെറ്റ്വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷന്‍സ്  (നന്‍മ യുഎസ്എ) കേരളത്തിലെ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 115 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ സംഭാവന ചെയ്തു. കേരളസര്‍ക്കാരിന്റെ കീഴിലുള്ള കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെഎംഎസ്‌സിഎല്‍) വഴിയാണ്  ഉപകരണങ്ങള്‍ അമേരിക്കയില്‍  നിന്നും  നാട്ടിലെത്തിച്ചത്. ആദ്യ ഘട്ടമായ 50 കോണ്‍സെന്‍ട്രേറ്ററുകള്‍ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തി. ബാക്കിയുള്ളവ അടുത്ത ആഴ്ച നാട്ടിലെത്തും.

നന്‍മ ട്രസ്റ്റി കൗണ്‍സിലിന്റെയും യു.എസ്.എ. ഭാരവാഹികളുടെയും നേതൃത്വത്തില്‍ അമേരിക്കന്‍ മലയാളികളുടെ സഹകരണത്തോടെ  കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍  ഒരു  കോടിയോളം രൂപ കോവിഡ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി  സമാഹരിച്ചിരുന്നു. നോര്‍ക്കയുടെയും കേരളസര്‍ക്കാരിന്റെയും സഹായങ്ങള്‍ നാട്ടിലേക്കയക്കുന്നതിലുള്ള സാങ്കേതികത്വങ്ങള്‍  എളുപ്പമാക്കി. നോര്‍ക്കയിലെ ഹരികൃഷ്ണന്‍ നമ്പൂതിരി, അജിത് കൊളശ്ശേരി, കെഎംഎസ്‌സിഎലിലെ ഡോ.ദിലീപ് കുമാര്‍, സലിം കെ എം എന്നിവര്‍ കസ്റ്റംസ്, ഐജിഎസ്ടിയുമായി ബന്ധപ്പെട്ട സാങ്കേതിക സഹകരണങ്ങള്‍ നല്‍കി.