Namam Excellence awardന്യൂജേഴ്സി: കര്‍ണാടിക്ക് പെര്‍ക്കഷനിസ്റ്റ് ആയി മാറിയ ടി.എസ്. നന്ദകുമാറിന് നോര്‍ത്ത് അമേരിക്കന്‍ മലയാളി ആന്‍ഡ് അസോസിയേറ്റഡ് മെംബേഴ്സ് (NAMAM - നാമം) ന്റെ ആദരം. അമേരിക്കയില്‍ കര്‍ണ്ണാട്ടിക് പെര്‍ക്കന്‍ഷന്‍ സംഗീതരംഗത്ത് നല്‍കിയ അതുല്യമായ സംഭാവനകള്‍ കണക്കിലെടുത്ത് ഈ വര്‍ഷത്തെ മികച്ച കലാകാരനുള്ള നാമം 2018 എക്സലന്റ് അവാര്‍ഡിനാണ് അര്‍ഹനായത്. ഏപ്രില്‍ 28-ന് വൈകീട്ട് അഞ്ചിന് ന്യൂജേഴ്സിയിലെ എഡിസണില്‍ നടക്കുന്ന വര്‍ണ്ണാഭമായ നാമം 2018 എക്സലന്റ് അവാര്‍ഡ് നൈറ്റില്‍ അദ്ദേഹത്തിനു അവാര്‍ഡ് സമ്മാനിക്കും.

നാദസ്വരത്തിലെ അനുഗ്രഹീത കലാകാരന്മാരായ  അമ്പലപ്പുഴ സഹോദരന്മാര്‍ എന്ന പേരിലറിയപ്പെടുന്ന ശങ്കരനാരായണ പണിക്കരുടെയും ഗോപലകൃഷ്ണപ്പണിക്കരുടെയും അനന്തരവനാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സംഗീത കോളേജ് ആയ മുംബൈയിലുള്ള ഷണ്‍മുഖാനന്ദ  ഫൈന്‍ ആര്‍ട്ട്സ് ആന്‍ഡ് സംഗീത സഭയില്‍ 28 വര്‍ഷം സംഗീത അദ്ധ്യാപകനായിരുന്നു. 39 വര്‍ഷത്തെ മുംബൈ ജീവിതത്തിനിടെ സംഗീതലോകത്തെ കുലപതികളായ ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍, എം. ഡി. രാമനാഥന്‍, എസ്. രാമനാഥന്‍, ആര്‍.കെ. ശ്രീകാന്ത്, വി. ദക്ഷിണാമൂര്‍ത്തി, ഭീമസണ്‍ ജോഷി, എം. ബാലമുരളീകൃഷ്ണ, ടി.എന്‍.കൃഷ്ണന്‍, എല്‍. സുബ്രഹ്മണ്യന്‍, എന്‍.രമണി, ഗാനഗന്ധര്‍വ്വന്‍ കെ.ജെ.യേശുദാസ്, എന്‍.രാജ, ടി.കെ. ഗോവിന്ദറാവു, നെടുങ്കുറി കൃഷ്ണമൂര്‍ത്തി, ടി.വി.ഗോപാലകൃഷ്ണന്‍ തുടങ്ങി നിരവധി സംഗീതജ്ഞര്‍ക്കു വേണ്ടി മൃദംഗം വായിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
 
ജൂണ്‍ 11 നു 60 വയസ് തികയുന്ന ടി.എസ്. നന്ദകുമാറിനുള്ള ജന്മ ദിന സമ്മാനമായിരിക്കും ഈ അവാര്‍ഡ് എന്ന് നാമം സ്ഥാപകനും സെക്രട്ടറി ജനറലുമായ മാധവന്‍ ബി.നായര്‍, പ്രസിഡന്റ് മാലിനി നായര്‍, അഡ്വസറി കമ്മിറ്റി ചെയര്‍മാന്‍ ഗീതേഷ് തമ്പി, സെക്രട്ടറി സജിത്ത് ഗോപിനാഥ്, വൈസ് പ്രസിഡന്റ് ആശാ നായര്‍, ട്രഷറര്‍ അനിത നായര്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രീയ സുബ്രഹ്മണ്യം, വര്‍ഗ്ഗീസ് ആന്റണി, രഞ്ജിത്ത് പിള്ള, തുമ്പി അന്‍സൂദ്, വിനി നായര്‍, സുനില്‍ നമ്പ്യാര്‍, ഡോ. പദ്മജ നായര്‍ എന്നിവര്‍ എന്നിവര്‍ സംയുക്തമായി അറിയിച്ചു.  
 
എല്‍.ഐ. സി. ഉദ്യോഗസ്ഥയായിരുന്ന ഷൈല നന്ദകുമാര്‍ ആണ് ഭാര്യ. മുംബൈയില്‍ സ്ഥിരതാമസമാക്കിയ ഐ.ഐ.സി.ഐ.സി.ഐ ബാങ്ക് ഉദ്യോഗസ്ഥ ലക്ഷ്മി, മുംബൈയില്‍ ഇന്‍ഫോമാറ്റിക്‌സില്‍ സീനിയര്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ അഖില്‍ നന്ദകുമാര്‍ എന്നിവര്‍ മക്കളാണ്.  മുംബൈയില്‍ ഇന്‍ഫോമാറ്റിക്‌സില്‍ വൈസ് പ്രസിഡന്റ് ആയ ആദര്‍ശ് വാസുദേവ് മരുമകന്‍ ആണ്.

വാര്‍ത്ത അയച്ചത് : ഫ്രാന്‍സിസ് തടത്തില്‍