ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡി ബ്ലാസിയോ പ്രഖ്യാപിച്ച വാക്‌സിന്‍ മാന്‍ഡേറ്റിനെതിരെ മുനിസിപ്പല്‍ ജീവനക്കാര്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു.

ഒക്ടോബര്‍ 25 മുതല്‍ വാക്‌സിന്‍ മാന്‍ഡേറ്റ് 50,000 ത്തില്‍പരം ജീവനക്കാരുടെ ജോലിയെ ബാധിക്കുമെന്നാണ് പ്രകടനത്തിന് നേതൃത്വം നല്‍കിയ നേതാക്കള്‍ ആരോപിക്കുന്നത്.

സിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന പ്രകടനക്കാര്‍ ബ്രൂക്കിലിനില്‍ ഒത്തുചേര്‍ന്നു. ബ്രൂക്കിലിന്‍ ബ്രിഡ്ജിനെതിരെയുള്ള മുനിസിപ്പല്‍ സിറ്റി ഹാളിലേക്ക് പ്രകടനമായി എത്തിച്ചേര്‍ന്ന ആയിരങ്ങളാണ് പ്രകടനത്തില്‍ മാന്‍ഡേറ്റിനെതിരെ പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തി മുദ്രാവാക്യങ്ങളും മുഴക്കിയത്.

പോലീസുകാരും ഫയര്‍ ഫൈറ്റേഴ്‌സും ഉള്‍പ്പെടെ 160000 മുനിസിപ്പല്‍ ജീവനക്കാരില്‍ 50000 പേര്‍ വാക്‌സിനെതിരാണ്. കൂടുതല്‍ ജീവനക്കാരെ വാക്‌സിനേറ്റ് ചെയ്യുന്നതിന് പ്രേരിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് 500 ഡോളര്‍ ഓരോ ജീവനക്കാര്‍ക്കും മേയര്‍ പ്രഖ്യാപിച്ചിരുന്നു. നവംബര്‍ 1 നാണ് ജീവനക്കാര്‍ക്ക് ഒരു ഡോസെങ്കിലും വാക്‌സിന്‍ സ്വീകരിക്കുന്നതിന് നല്‍കിയിരിക്കുന്ന അവസാന തീയതി. ജീവനക്കാരുടെ വിവിധ യൂണിയനുകള്‍ വാക്‌സിന്‍ മാന്‍ഡേറ്റിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇത് സ്വകാര്യ നീതി നിഷേധമാണെന്നും ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും യൂണിയന്‍ വക്താക്കള്‍ അറിയിച്ചു. 

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍