വാഷിങ്ടണ്‍ ഡിസി: കോവിഡ്19 വ്യാപകമായതോടെ കോവിഡ്19 പരിശോധനകള്‍ വീടുകളില്‍ നടത്തുന്നതിനായി ബൈഡന്‍ ഭരണകൂടം അനുമതി നല്‍കിയ 2.2 മില്യണ്‍ അറ്റ് ഹോം കോവിഡ് ടെസ്റ്റ് കിറ്റുകള്‍ യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രിേഷന്‍ പിന്‍വലിച്ചു.

പ്രതീക്ഷിച്ചതിലേറെ തെറ്റായ ഫലങ്ങളാണ് ടെസ്റ്റ് കിറ്റുകള്‍ നല്‍കിയതെന്ന് എഫ്.ഡി.എ. കണ്ടെത്തിയിരുന്നു. 

കാര്യമായ പാര്‍ശ്വഫലങ്ങളോ, നീഡില്‍ ഉപയോഗമോ ഇല്ലാതെ കോവിഡ് ടെസ്റ്റ് വീടുകളില്‍ നടത്തുന്നതിനുള്ള കിറ്റ് വികസിപ്പിച്ചെടുക്കുന്ന കമ്പനികള്‍ക്ക് 231.8 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക ആനുകൂല്യങ്ങളാണ് ബൈഡന്‍ ഭരണകൂടം പ്രഖ്യാപിച്ചിരുന്നത്. 

ഇതേ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കഴിഞ്ഞമാസം 200000 കിറ്റുകള്‍ പിന്‍വലിച്ചതിന് പുറമെയാണ് കഴിഞ്ഞ വാരാന്ത്യം 2.2 മില്യണ്‍ കിറ്റുകള്‍ കൂടി പിന്‍വലിച്ചിരിക്കുന്നത്.

ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്ന കിറ്റുകളെ മോസ്റ്റ് സീരിയസ് ടൈപ്പ് എന്നതാണ് ഫെഡറല്‍ ഏജന്‍സി ക്ലാസിഫൈ ചെയ്തിരിക്കുന്നത്. ഇതു ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുക മാത്രമല്ല മരണം വരെ സംഭവിക്കുന്നതാണെന്നും ഏജന്‍സി കണ്ടെത്തിയിട്ടുണ്ട് ഫെബ്രുവരി 24 മുതല്‍ ഓഗസ്റ്റ് 11 വരെ പുറത്തിറക്കിയ കിറ്റുകളാണ് പ്രധാനമായും പിന്‍വലിച്ചിരിക്കുന്നത്. 

ഇലൂം കിറ്റ് ഉപയോഗിച്ച് പോസിറ്റീവ് ഫലം കണ്ടതിനെത്തുടര്‍ന്ന് പലര്‍ക്കും തൊഴില്‍ സ്ഥാപനത്തില്‍പ്പോലും പ്രവേശിക്കുന്നതിന് അനുമതി നിഷേധിക്കപ്പെട്ടിരുന്നു. ഇതു പലതും തെറ്റാണെന്നും പിന്നീട് കണ്ടെത്തിയിരുന്നു. 

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍