മിഷിഗണ്‍: മിഷിഗണ്‍ ഓക്‌സ്‌ഫോര്‍ഡ് ഹൈസ്‌കൂള്‍ പതിനഞ്ചുകാരന്‍ നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളുടെ എണ്ണം നാലായി. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഏഴുപേരില്‍ പതിനാലുവയസുള്ള പെണ്‍കുട്ടി ശസ്ത്രക്രിയക്കുശേഷം വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയിലാണെന്നും അധികൃതര്‍ അറിയിച്ചു.

അച്ഛന്റെ ഗണ്ണായിരുന്നു പതിനഞ്ചുകാരന്‍ വെടിവെക്കുവാന്‍ ഉപയോഗിച്ചതെന്നും നിരവധി റൗണ്ട് വെടിയുണ്ടകള്‍ ഉപയോഗിക്കാന്‍ ശക്തിയുള്ളതായിരുന്നുവെന്നും പോലീസ് പറഞ്ഞു. പതിനഞ്ചുകാരനെ പിടികൂടിയപ്പോള്‍ സ്‌കൂള്‍ ഹാളിലേക്ക് ഇറങ്ങിവന്ന് കൂടുതല്‍ ബുള്ളറ്റുകള്‍ ലോഡ് ചെയ്യുവാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. തക്കസമയത്ത് പിടികൂടാന്‍ കഴിഞ്ഞതിനാല്‍ കൂടുതല്‍ അപകടം ഒഴിവായെന്നും ഓക്‌ലാന്റ് കൗണ്ടിഷെറീഫ് മൈക്കിള്‍ പറഞ്ഞു.

കൊല്ലപ്പെട്ട നാലു വിദ്യാര്‍ത്ഥികളുടെ വിശദവിവരങ്ങള്‍ പോലീസ് മാധ്യമങ്ങള്‍ക്ക് നല്‍കി. ടാറ്റ്മയര്‍(16), ഹന്നാ ജൂലിയാന(14), മാഡിസിന്‍ ബാള്‍ഡ്‌വിന്‍ (17), ജസ്റ്റിന്‍ ഷില്ലിംഗ് (14).

പ്രതി ഈതന്‍ ക്രംബ്ലി (15) നെതിരെ ടെററിസം മര്‍ഡര്‍ തുടങ്ങിയ കുറ്റങ്ങളാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഈതന്് ജാമ്യം നിഷേധിച്ച് ഓക്‌ലാന്റ് കൗണ്ടി ജയിലിലടച്ചു.

കൂടുതല്‍ ചാര്‍ജുകള്‍ വേണമോ എന്ന് പിന്നീട് തീരുമാനിക്കാമെന്ന് ഓക്‌ലാന്റ് കൗണ്ടി പ്രോസിക്യൂട്ടര്‍ കേരണ്‍ മെക്ക്‌ഡൊണാള്‍ഡ് അറിയിച്ചു.  

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍