ജനിക്കും നിമിഷം തൊട്ടെന്‍ മകനിംഗ്ലീഷ് പഠിക്കണം 
അതിനാല്‍ ഭാര്യതന്‍ പേറങ്ങിംഗ്ലണ്ടില്‍
തന്നെയാക്കി ഞാന്‍

എന്ന് നമ്മുടെ ഇംഗ്ലീഷ് ഭ്രമത്തെ പണ്ടേ കുറിക്കുകൊള്ളുംവിധം കളിയാക്കിയിട്ടുണ്ട് കവി കുഞ്ഞുണ്ണി. ഇവിടെയിതാ ഇംഗ്ലീഷ് മാതൃഭാഷയായൊരാള്‍. യു.എസിലെ മിഷിഗണില്‍നിന്നുള്ള ജോണ്‍ മത്തിയാസ്. ''മലയാലം കൊരച്ചു കൊരച്ച് അരിയു''മെന്ന് ഭാവിക്കുന്ന നാടന്‍സായിപ്പുമാരുടെയും മദാമ്മമാരുടെയും പൊങ്ങച്ചനാട്യങ്ങള്‍ക്കിടയില്‍ വെള്ളംവെള്ളം പോലെ മലയാളം പറയുന്നൊരാള്‍.

കുഞ്ഞുണ്ണി അദ്ദേഹത്തിന്റെ ഇഷ്ടകവികളിലൊരാള്‍. രണ്ടോ നാലോ ചെറുവരികളില്‍ വലിയചിന്ത ഒളിപ്പിച്ചൊരാള്‍ എന്ന് കുഞ്ഞുണ്ണിയെക്കുറിച്ച് ആവേശത്തോടെ അദ്ദേഹം വിവരിക്കുന്നു. ബഷീറും എം. മുകുന്ദനും ബെന്യാമിനുമൊക്കെ ഇദ്ദേഹത്തിന്റെ വായനയിലുണ്ട്. 

അതെ. മലയാളം അദ്ദേഹത്തിന് ഏതോ വിദൂരദേശത്തുള്ള അന്യഭാഷയല്ല. സ്വന്തമെന്നു തോന്നിക്കുന്നതെന്തോ ആ ഭാഷയിലുണ്ടെന്നാണ് അദ്ദേഹത്തിന്റെ അനുഭവം. കേരളം പ്രിയദേശമാകുന്നതും അത്തരം അനുഭവങ്ങള്‍കൊണ്ടുതന്നെ.

ഓഗസ്റ്റില്‍ ഫ്‌ളോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ കോളേജ് ഓഫ് സോഷ്യല്‍വര്‍ക്കില്‍ അധ്യാപകനായി ചേരുന്നതിനുമുമ്പുള്ള  ഇടവേളയില്‍ എങ്ങോട്ടുപോകണമെന്ന് ഒരു സംശയവുമുണ്ടാകാത്തത് ഈ ഇഷ്ടംകൊണ്ടുതന്നെ. ഭാര്യയും നാലരവയസ്സായ മകളുമൊത്ത് നേരെ കേരളത്തിലേക്കുപോന്നു.

കോഴിക്കോട്ട് താമസിച്ചുകൊണ്ട്, ഇവിടത്തെ മനുഷ്യരുമായുള്ള സഹവാസവും ഭക്ഷണവും ഭാഷയും സാഹിത്യവുമൊക്കെ ആസ്വദിക്കുന്നു. മലയാളത്തെക്കുറിച്ചും കേരളത്തെക്കുറിച്ചും ജോണ്‍ സംസാരിക്കുന്നു...

?എങ്ങനെയാണ് കേരളത്തോട് താത്പര്യമുണ്ടായത്, ഇന്ത്യയില്‍ ആദ്യം വന്നതുതന്നെ ഇങ്ങോട്ടേക്കാണോ

കേരളത്തിലേക്കല്ല ആദ്യം വന്നത്. മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുമ്പോഴാണ് 1999-ല്‍ ഇന്ത്യയിലെത്തിയത്. ക്രിയേറ്റീവ് റൈറ്റിങ്,  ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരെക്കുറിച്ച് പ്രത്യേക ഊന്നലോടെയുള്ള ഇംഗ്ലീഷ് സാഹിത്യം എന്നിവയിലായിരുന്നു പഠനം. ഉത്തരേന്ത്യയിലാണ് അന്നുവന്നത്. ഡല്‍ഹിയിലും പഞ്ചാബിലും ഹിമാചല്‍പ്രദേശിലുമൊക്കെ. കുറേ സ്ഥലങ്ങളിലേക്ക് പോകുന്നതിനുപകരം ഒരു സ്ഥലത്ത് താമസിച്ച് നന്നായി മനസ്സിലാക്കുകയാണ് എന്റെ രീതി. 
 
പഠനത്തിന്റെ ഭാഗമായി ഇന്ത്യയിലെ സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഡോക്യുമെന്ററി ഫിലിം എടുത്തിരുന്നു. കേരളത്തില്‍ സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്ക് കുറേക്കൂടി പ്രാധാന്യമുണ്ടെന്ന് പലരും അന്നുപറഞ്ഞു. ഇങ്ങോട്ടുവന്നാല്‍ കൂടുതല്‍കാര്യങ്ങള്‍ മനസ്സിലാക്കാനാവുമെന്നറിഞ്ഞാണ് കേരളം തിരഞ്ഞെടുത്തത്. 

?എപ്പോഴാണ് ഇങ്ങോട്ട് ആദ്യമായി വന്നത്

2005-ലാണത്. ഗവേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ആ വരവ്. പാരിസ്ഥിതികവിഷയങ്ങളിലെ ജനകീയസമരങ്ങളെക്കുറിച്ചായിരുന്നു അന്വേഷണം. മുഖ്യധാരാരാഷ്ട്രീയകക്ഷികളുടെ പിന്തുണയില്ലാത്ത പല സമരങ്ങളും കേരളത്തില്‍ നടക്കുന്നുണ്ട്. പാരിസ്ഥിതികമായ ആശയങ്ങള്‍ എങ്ങനെ ജനങ്ങളിലെത്തിക്കുന്നു എന്നാണ് നോക്കിയത്.

?ഏതൊക്കെ സമരങ്ങളെക്കുറിച്ചാണ് പ്രധാനമായും അന്വേഷിച്ചത്

കാതിക്കുടം, പ്ലാച്ചിമട, അതിരപ്പിള്ളി, വിളപ്പില്‍ശാല തുടങ്ങിയ സമരങ്ങള്‍. പ്രാദേശികജനതയുടെ സമരങ്ങളായാണ് ഇവയില്‍ പലതും ഉയര്‍ന്നുവന്നത്. രാഷ്ട്രീയസംഘടനകളുടെ വലിയ പിന്തുണയില്ലാത്ത സമരങ്ങളാണ് പലതും. പണവും വിഭവങ്ങളുമൊക്കെ കുറവ്. പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ സ്വയം സംഘടിപ്പിക്കുന്ന സമരങ്ങളാണിവ. 

?ഇത്തരം സമരങ്ങളോട് കേരളീയര്‍ പൊതുവേ എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ

പൊതുസമൂഹത്തിന്റെ ഐക്യദാര്‍ഢ്യമുണ്ടെന്നാണ് മനസ്സിലായത്. യു.എസിലെ അനുഭവങ്ങളുമായി താരതമ്യംചെയ്യുമ്പോള്‍ കേരളത്തില്‍ പ്രാദേശികമായ സമരങ്ങള്‍ക്ക് ജനങ്ങള്‍നല്‍കുന്ന പിന്തുണ വലിയതാണ്. വലിയ രാഷ്ട്രീയബന്ധങ്ങളൊന്നുമില്ലാത്ത സമരങ്ങളാണെങ്കിലും പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അനുഭാവം പ്രകടിപ്പിക്കാനും ജനങ്ങള്‍ തയ്യാറാവുന്നുണ്ട്.

?പഠനത്തിന്റെ ഭാഗമായി ഇന്ത്യയില്‍ പലയിടങ്ങളില്‍ പോയിട്ടുള്ള താങ്കള്‍ക്ക് കേരളത്തിലെത്തിയപ്പോള്‍ മലയാളം പഠിക്കണമെന്നു തോന്നിയതെന്തുകൊണ്ടാണ്

ഇവിടത്തെ ഭാഷ പഠിച്ചാല്‍ ആളുകളുമായി ഇടപെടാന്‍ എളുപ്പമാണല്ലോ എന്നു തോന്നി. പ്രാദേശികസമരങ്ങളുടെ പഠനമായതിനാല്‍ ധാരാളം ആളുകളുമായി നേരിട്ട് സംസാരിക്കേണ്ടതുണ്ടായിരുന്നു. തങ്ങളുടെ ഭാഷയില്‍ത്തന്നെ സംസാരിക്കുന്നയാളോട് കൂടുതല്‍ അടുപ്പത്തോടെ ആളുകള്‍ ഇടപഴകും. 

?പഠിക്കാന്‍പ്രയാസമുള്ള ഭാഷയാണ് മലയാളം എന്നാണ് പൊതുവേ പറയാറ്. എന്താണ് അനുഭവം

ബുദ്ധിമുട്ടായിരുന്നു. 2007-ലാണ് പഠനം തുടങ്ങിയത്. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്തെ അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ സ്റ്റഡീസില്‍ മലയാളം പഠിക്കാനുള്ള സൗകര്യമുണ്ടായിരുന്നു.

?ഗവേഷണത്തിന്റെ ആവശ്യത്തിനായി ഭാഷ പഠിച്ചെന്നതു ശരി. മലയാളസാഹിത്യത്തോട് താത്പര്യം തോന്നിയതെങ്ങനെ

ഒരുവിധം മലയാളം സംസാരിക്കാമെന്നായതോടെ ആളുകളുമായി കൂടുതല്‍ ഇടപഴകിത്തുടങ്ങി. സാഹിത്യവും ഇന്‍സ്റ്റിറ്റ്യൂട്ടിലെ കോഴ്സിന്റെ ഭാഗമായിരുന്നു. അധികമൊന്നുമില്ല. ചെറുകവിതകളും കഥകളുമൊക്കെ. അവയോടുതോന്നിയ ഇഷ്ടമാണ് സാഹിത്യരചനകള്‍ കൂടുതല്‍ വായിക്കുന്നതിലേക്ക് നയിച്ചത്. സാധാരണ സംസാരത്തിനപ്പുറം ചിലതുകൂടിയുണ്ടല്ലോ കവിതയില്‍. അവയൊക്കെ വായിക്കുമ്പോള്‍ ഭാഷയുടെ ഉള്ളുമായി കുറേക്കൂടി അടുപ്പമുണ്ടാകുന്നു. അപ്പോള്‍ ഭാഷയുടെ യഥാര്‍ഥഭംഗി അറിയാനാവുന്നു. അങ്ങനെയാണ് മലയാളത്തെ സ്‌നേഹിക്കാന്‍ തുടങ്ങിയത്. നന്നായി അറിയാമെങ്കിലല്ലേ സ്‌നേഹിക്കാന്‍ പറ്റൂ. ആദ്യം എനിക്കിത് പഠനത്തിന്റെ ഭാഗമായുള്ള കടമ മാത്രമായിരുന്നു. പിന്നെപ്പിന്നെ സ്‌നേഹമായി. കവിതകളും നോവലുകളുമൊക്കെ ആസ്വദിക്കാന്‍ തുടങ്ങി.

?ഏതൊക്കെ എഴുത്തുകാരെയാണ് ഏറെയിഷ്ടം

കുഞ്ഞുണ്ണിമാഷുടെ കവിതകള്‍ നല്ല ഇഷ്ടമാണ്. ചെറിയ ചെറിയ വരികളില്‍ എന്തൊരു ചിന്താലോകമാണ് അദ്ദേഹം കാട്ടിത്തരുന്നത്! ഇതെങ്ങനെ സാധിക്കുന്നു എന്നത് വലിയ അദ്ഭുതതമാണ്. പിന്നെ ബഷീറിനെ ഏറെ ഇഷ്ടമാണ്. സങ്കീര്‍ണമായല്ല അദ്ദേഹം കഥ പറയുന്നത്. വായിക്കാന്‍ വളരെ എളുപ്പം. എന്നാല്‍, ഓരോ കഥാപാത്രവും വളരെയേറെ ആഴമുള്ളതാണ്. എം. മുകുന്ദന്റെ 'ദൈവത്തിന്റെ വികൃതികളും' ബെന്യാമിന്റെ 'ആടുജീവിത'വുമൊക്കെ ഇഷ്ടപ്പെട്ട പുസ്തകങ്ങളാണ്.

?'ആടുജീവിതം' വായിച്ചപ്പോള്‍ മലയാളികളുടെ ഗള്‍ഫ് ജീവിതത്തിന്റെ ഒരു ചിത്രം ലഭിച്ചിരിക്കുമല്ലോ. കേരളത്തിലേക്ക് ഗള്‍ഫില്‍നിന്നു തിരിച്ചെത്തിയവരുടെ അനുഭവം ഇമ്മട്ടിലൊക്കെയാണോ എന്നന്വേഷിച്ചിരുന്നോ

ഗള്‍ഫില്‍ ജോലിചെയ്യുന്ന കുറേ മലയാളികളോട് നേരില്‍സംസാരിച്ചു. ഇതിലുംമോശമായ അനുഭവങ്ങളാണെന്നു പറഞ്ഞവരുണ്ട്. ഇത്രമാത്രം പ്രശ്‌നങ്ങളില്ലെന്നു പറയുന്നവരെയും കണ്ടു.

?ഇംഗ്ലീഷുമായി താരതമ്യംചെയ്യുമ്പോള്‍ കവിതയില്‍ ഇവിടെ കാണുന്ന പ്രത്യേകതയെന്താണ്

കുറേക്കൂടി താളാത്മകമാണ് ഇവിടത്തെ കവിതകളെന്നു തോന്നിയിട്ടുണ്ട്. താളത്തിന് പ്രാധാന്യമുള്ള പഴയതരം കവിതകളാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. വൃത്തത്തില്‍ എഴുതപ്പെടുന്നവ. പുഴയിലെ ഓളങ്ങള്‍ പോലെയാണ് അവയിലെ താളം. 

?ഇവിടത്തെ ജീവിതത്തെക്കുറിച്ച് പറയാനുള്ളത്...

ജനങ്ങളെ വളരെ ഇഷ്ടമായി. നല്ല പെരുമാറ്റം. അവരുടെ ജീവിതത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ സ്‌നേഹത്തോടെ സഹകരിക്കുന്നു. വ്യക്തിപരമായ കഥകള്‍ പങ്കുവെക്കാന്‍ മടിയില്ല. അഭിപ്രായങ്ങള്‍ തുറന്നുപറയും. ഇവിടത്തെ കാലാവസ്ഥയും ഭക്ഷണവുമൊക്കെ ഇഷ്ടം.

?എവിടെയൊക്കെയാണ് താമസിച്ചത്

നേരത്തെ വന്നപ്പോള്‍ തിരുവനന്തപുരത്തും ചാലക്കുടിയിലും. ഇപ്പോള്‍ ഗവേഷണം പൂര്‍ത്തിയാക്കി ബിരുദം നേടിയശേഷമാണ് വരവ്. (വേണമെങ്കില്‍ ഡോക്ടര്‍ ജോണ്‍ എന്നു വിളിക്കാവുന്നതാണെന്ന് ചിരി). ഓഗസ്റ്റില്‍ ഫ്‌ളോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ കമ്യൂണിറ്റി ഓര്‍ഗനൈസിങ്ങിനെക്കുറിച്ച് പഠിപ്പിക്കുന്ന ഫാക്കല്‍ട്ടിയായി ചേരും. അതിനുമുമ്പ് കുറച്ചുസമയം കിട്ടിയപ്പോഴാണ് ഇക്കുറി ഇങ്ങോട്ടേക്കുപോന്നത്. കോഴിക്കോട്ടാണ് താമസം. 

?കേരളത്തില്‍ പലേടത്ത് താമസിക്കുമ്പോള്‍ പല മലയാളം കേട്ടിരിക്കുമല്ലോ. പ്രയാസമുണ്ടായോ

ശരിയാണ്. പലസ്ഥലത്ത് പലവേഗത്തിലാണ് ആളുകള്‍ സംസാരിക്കുന്നത്. മനസ്സിലാക്കാന്‍ ആദ്യം കുറച്ച് പ്രയാസം തോന്നിയാലും വൈകാതെ ശരിയാകും. അതൊക്കെ ആസ്വദിക്കുകയാണ് ചെയ്തത്.

?പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണല്ലോ പഠിച്ചത്. കേരളീയര്‍ക്ക് അത്തരം അവബോധം എത്രത്തോളമുണ്ടെന്നാണ് തോന്നിയത്

പൊതുവേ ആളുകള്‍ക്ക് നല്ലധാരണകളുണ്ട്. ഇന്ത്യയുടെ മറ്റുഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടത്തെ സ്ഥിതി നല്ലതാണ്. വികസനത്തിന്റെപേരില്‍ പ്രകൃതിയെ നശിപ്പിക്കരുതെന്ന ബോധ്യമുണ്ട്. എന്നാല്‍, 'മറ്റുള്ളവര്‍ നല്ല ടെറസ് വീടുകളില്‍ താമസിക്കുമ്പോള്‍ ഞാനെന്തിനാണ് ഓടിട്ട വീട്ടില്‍ കഴിയുന്നത്' എന്നു ചോദിക്കുന്നവരെയും കണ്ടിട്ടുണ്ട്. എല്ലാം ടെറസ് വീടുകളായാല്‍ പരിസ്ഥിതിക്കുണ്ടാക്കുന്ന ദോഷത്തെക്കുറിച്ച് അറിയാത്തതുകൊണ്ടല്ല ഇങ്ങനെ ചോദിക്കുന്നത്. പാവങ്ങള്‍ക്കും നല്ല വീടുകളില്‍ താമസിക്കണമെന്ന ബോധ്യംകൊണ്ടാണ്. എല്ലാവര്‍ക്കും നല്ല വീടുകള്‍ വേണമല്ലോ. പാവപ്പെട്ടവരുടെ പക്ഷത്തുനിന്നാലോചിക്കുമ്പോള്‍ ആ വാദം ന്യായവുമാണ്.

?കുടുംബം

ഭാര്യ ദീപ്തി റെഡ്ഢി ജന്മംകൊണ്ട് ആന്ധ്രക്കാരിയാണ്. രണ്ടാം വയസ്സില്‍ യു.എസില്‍ എത്തിയതാണ്. അവിടെ അടുത്തടുത്താണ് ഞങ്ങളുടെ വീടുകള്‍. മകള്‍ ഗീതാഞ്ജലിക്ക് നാലര വയസ്സായി. അവളുടെ മാതൃഭാഷ മലയാളമാണ് കേട്ടോ. ഇവിടെനിന്ന് യു.എസിലേക്ക് പോയപ്പോഴേക്കും അത് കുറച്ചൊക്കെ മറന്നു. ഇപ്പോള്‍ വീണ്ടും മലയാളം പറയാന്‍ നോക്കുന്നുണ്ട്...