മയാമി (ഫ്‌ളോറിഡ): അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാഹാരിസിനെതിരെ വധഭീഷണി മുഴക്കിയ ഫ്‌ളോറിഡ ജാക്‌സണ്‍ മെമ്മോറിയല്‍ ആശുപത്രി നഴ്‌സ് നിവിയാന്‍ പെറ്റിറ്റ് ഫിലിപ്പ് (39) കുറ്റക്കാരിയാണെന്ന് ഫെഡറല്‍ കോടതി. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ പ്രതിക്ക് 5 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയില്‍ കമലഹാരിസിനെ വധിക്കുമെന്ന് കാണിച്ച് 30 സെക്കന്റ് വീതമുള്ള നാല് വീഡിയോ ക്ലിപ്പുകള്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവിന് അയച്ചുകൊടുത്തിരുന്നതായി നഴ്‌സ് സമ്മതിച്ചു. ഇതില്‍ ചിലത് സ്വയം റെക്കോര്‍ഡ് ചെയ്തതും ചിലത് മക്കളെക്കൊണ്ട് ചിത്രീകരിച്ചതുമായിരുന്നു. തോക്ക് പിടിച്ച് നില്‍ക്കുന്ന ഇവരുടെ ഒരു ചിത്രവും ഇതോടൊപ്പം അയച്ചിരുന്നു. 50 ദിവസത്തിനകം കമലാ ഹാരിസിനെ വധിക്കുമെന്നാണ് ഇവര്‍ വീഡിയോയില്‍ പറഞ്ഞിരുന്നത്. കണ്‍സീല്‍ഡ് വെപ്പണ്‍ പെര്‍മിറ്റിനും ഇവര്‍ ഇതിനകം അേപക്ഷ നല്‍കിയിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ ഇവരെ അറസ്റ്റ് ചെയ്തു. ഇവര്‍ സമൂഹത്തിന് ഭീഷണിയാണെന്നാണ് അറസ്റ്റിന് കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത്. 

കറുത്ത വര്‍ഗക്കാരിയായ ഫിലിപ്‌സ്, കമലാഹാരിസ് യഥാര്‍ത്ഥത്തില്‍ കറുത്തവര്‍ഗക്കാരിയല്ല എന്നതാണ് ഇവരെ വധിക്കാന്‍ തീരുമാനിച്ചതിന് പ്രേരിപ്പിച്ചത്. ഇവര്‍ക്കെതിരെ 6 വകുപ്പുകളാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 13 ന് റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ കമലഹാരിസ് നിങ്ങള്‍ മരിക്കുവാന്‍ പോകുകയാണ് നിങ്ങളുടെ ആളുകള്‍ എണ്ണപ്പെട്ടുവെന്നും ഇവര്‍ പറഞ്ഞിരുന്നു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍