ബ്രോങ്ക്‌സ്(ന്യൂയോര്‍ക്ക്): പതിനഞ്ചോളം പേര്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചതിനെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഗ്യൂരിസ് ഗിയര്‍മോ (42) മരിച്ചതായി ജൂലായ് 29 ന് പോലീസ് അറിയിച്ചു.

ന്യൂയോര്‍ക്ക് ബ്രോങ്ക്‌സില്‍ ആയിരുന്നു ആള്‍ക്കൂട്ടക്കൊലപാതകം നടന്നത്. ഈ ആഴ്ചയില്‍ ടെക്‌സാസില്‍ വെടിവെപ്പ് നടത്തിയ യുവാവിനെ ആളുകള്‍ കൂട്ടം ചേര്‍ന്ന് കല്ലെറിഞ്ഞു കൊലപ്പെടുത്തിയതിനു പിന്നാലെയാണ് മറ്റൊരു കൊലപാതകം ന്യൂയോര്‍ക്കില്‍ അരങ്ങേറിയത്.

സംഭവത്തിന്റെ തുടക്കം ഞായറാഴ്ചയായിരുന്നു. സഹോദരര്‍ ഓടിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. ഇടിച്ച വാഹനത്തിന്റെ ഉടമകള്‍ സഹോദരന്മാരോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. തുടര്‍ന്ന് തര്‍ക്കം ആരംഭിക്കുകയും പതിനഞ്ചോളം പേര്‍ ചേര്‍ന്ന് സഹോദരന്മാരെ അക്രമിക്കുകയുമായിരുന്നു. കൊല്ലപ്പെട്ട ഗുറിയസ്‌കിന്റെ തല അടുത്തുള്ള കോണ്‍ക്രീറ്റില്‍ ഇടിക്കുകയായിരുന്നു. മറ്റേ സഹോദരനെയും ജനക്കൂട്ടം ആക്രമിച്ചു. കാര്യമായി പരിക്കേറ്റ ഗ്യൂരിസിനെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച മരിക്കുകയായിരുന്നു.

കാര്‍ട്ടര്‍ അവന്യൂ 176 സ്ട്രീറ്റ് മൗണ്ട് ഹോപ്പില്‍ നടന്ന സംഭവത്തില്‍ പരിക്കേറ്റ ഗ്യൂരിസിന്റൈ സഹോദരന്‍ സുഖം പ്രാപിച്ചുവരുന്നതായി പോലീസ് അറിയിച്ചു. തലയിലുണ്ടായ രക്തസ്രാവമാണ് മരണത്തിന് കാരണമെന്നും പോലീസ് പറഞ്ഞു.

ഇതുസംബന്ധിച്ച് രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ പേരിലുള്ള കേസ് കൊലപാതകകുറ്റമായി മാറ്റിയതായും പോലീസ് പറഞ്ഞു. അക്രമം നടത്തിയ ആള്‍ക്കൂട്ടം ഇവരുടെ കാറിലുണ്ടായിരുന്ന സാധനങ്ങള്‍ കവര്‍ച്ച ചെയ്തതായും പോലീസ് പറഞ്ഞു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍