ഹ്യൂസ്റ്റണ്‍: നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണിന്റെ(മാഗ്) 2021-ലെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ചുമതലയേറ്റു. വിനോദ് വാസുദേവന്‍(പ്രസിഡന്റ്) ജോജി ജോസഫ്(സെക്രട്ടറി) മാത്യു കൂട്ടാളില്‍(ട്രഷറര്‍) സൈമണ്‍ വാളാച്ചേരില്‍(വൈസ് പ്രസിഡന്റ്) രാജേഷ് വര്‍ഗീസ്(ജോ.സെക്രട്ടറി) രമേശ് അത്തിയോടി(ജോ. ട്രഷറര്‍) എന്നിവര്‍ എക്‌സിക്യൂട്ടിവ് അംഗങ്ങളായും റനി കവലയില്‍, റജി ജോണ്‍, എബ്രഹാം തോമസ്, ഡോ. ബിജു പിള്ള, റോയ് മാത്യു, ഷാജു തോമസ്. ഷിബി റോയ്, ക്ലാരമ്മ മാത്യൂസ്, സൂര്യജിത്ത് സുഭാഷിതന്‍ എന്നിവര്‍ ബോര്‍ഡ് അംഗങ്ങളുമായുള്ള ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ആണ് നിലവില്‍വന്നത്. 

'മാഗ്'  ആസ്ഥാനമായ കേരളഹൗസില്‍ ജനുവരി 17-ന് വൈകിട്ട് നടന്ന വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റത്. മാഗ് റിക്രിയേഷന്‍ സെന്റര്‍ പുതുക്കിപ്പണിതത്. നവീകരണപ്രവര്‍ത്തനങ്ങള്‍, കേരളത്തിലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് യോഗത്തില്‍ വിശദീകരിച്ചു. 

യോഗത്തില്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോ. സാം ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മാത്യൂസ് മുണ്ടക്കല്‍ കഴിഞ്ഞവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ജോസ് കെ. ജോണ്‍ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. 

നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയുടെ പുതിയ പ്രസിഡന്റാകാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പുതിയ പ്രസിഡന്റ് വിനോദ് വാസുദേവന്‍ പറഞ്ഞു. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകുമെന്നും പ്രതീക്ഷയ്‌ക്കൊത്ത് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സ്ഥാനമൊഴിയുന്ന ട്രസ്റ്റീബോര്‍ഡ് ചെയര്‍മാന്‍ തോമസ് ചെറുകര പുതിയ ബോര്‍ഡിന് ആശംസകളര്‍പ്പിച്ചു. പുതിയ സെക്രട്ടറി ജോജി ജോസഫ് നന്ദി പറഞ്ഞു.