ന്യുയോര്‍ക്ക്: നാസാ കൗണ്ടി എക്സിക്യൂട്ടീവ് ലോറാ കുറാന്റെ ഇലക്ഷന്‍ ഫണ്ടിലേക്ക് നോര്‍ത്ത് ഹെംസ്റ്റഡ് മലയാളി ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ ധനസമാഹരണം വിജയമായി. എല്ലാ ഇന്ത്യന്‍ അമേരിക്കന്‍ കമ്യൂണിറ്റി നേതാക്കന്മാരേയും സംഘടിപ്പിച്ചുകൊണ്ട് ജൂലായ് 23 ന് ജെറിക്കോവിലുള്ള കൊട്ടീലിയന്‍ റസ്റ്റോറന്റില്‍ വെച്ചായിരുന്നു പരിപാടി.

നോര്‍ത്ത് ഹെംപ്സ്റ്റഡ് മലയാളി ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡിന്‍സില്‍ ജോര്‍ജ് എല്ലാവരേയും സ്വാഗതം ചെയ്തു. നോര്‍ത്ത് ഹെംസ്റ്റഡ്  ഡമോക്രാറ്റിക് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്  അധ്യക്ഷത വഹിച്ചു.   കൗണ്ടി എക്സിക്യൂട്ടീവ് ലോറാ കുറാന്‍, കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായ ശുദ്ധ് പ്രകാശ് സിംഗ് തുടങ്ങി ഒട്ടനവധി കമ്യൂണിറ്റി നേതാക്കന്മാര്‍ സംസാരിച്ചു.

കൗണ്ടിയുടെ ആദ്യത്തെ വനിതാ എക്സിക്യൂട്ടീവ് ആയ  ലോറാ കുറാന്റെ നേതൃത്വവും  പ്രവര്‍ത്തനങ്ങളും വളരെ പ്രശംസനീയമാണെന്ന് ഏവരും അഭിപ്രായപ്പെടുകയും, ലോറാ കുറാന്റെ വിജയത്തിനുവേണ്ടി എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും  ചെയ്തു.

മീറ്റിംഗിന്റെ സംഘാടകസമിതി അംഗങ്ങളായ വര്‍ഗീസ് കെ. ജോസഫ്, ജോര്‍ജ് പറമ്പില്‍, ഫിലിപ്പോസ് കെ. ജോസഫ്, സജി മാത്യു, സലോമി തോമസ് എന്നിവരെ ലോറാ കുറാന്‍ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. ബോബി മാത്യൂസിന്റെ നന്ദിപ്രസംഗത്തോടെ യോഗം അവസാനിച്ചു.