ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനില്‍ വനിതകള്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ നിശ്ശബ്ദത പാലിക്കുന്ന അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്, മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ എന്നിവര്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി ഡൊണാള്‍ഡ് ട്രംപിന്റെ മകന്റെ ഭാര്യ ലാറാ ട്രംപ് രംഗത്ത്.

കമല ഹാരിസ്, മിഷേല്‍ ഒബാമ എന്നിവരെപ്പോലെ സ്വാര്‍ത്ഥമതികളായ രണ്ടു ഡെമോക്രാറ്റിക് വനിതകളെത്താന്‍ ഇതുവരെ ഭൂമുഖത്ത് കണ്ടിട്ടില്ല. ഞായറാഴ്ച ഫോക്‌സ് ന്യൂസിനനുവദിച്ച അഭിമുഖത്തില്‍ ലാറ അഭിപ്രായപ്പെട്ടു.

രാഷ്ട്രീയലക്ഷ്യം വെച്ച് അഫ്ഗാന്‍ വനിതകളെപ്പോലെ സുരക്ഷിതരായി കഴിയുന്ന വനിതകള്‍ വേറെയില്ല എന്ന് നേരത്തെ അവകാശപ്പെട്ട ഇരുവരും ഇപ്പോള്‍ അഫ്ഗാനിലെ വനിതകളുടെ അവസ്ഥ എപ്രകാരമാണെന്ന് അഭിപ്രായപ്പെടാന്‍ ചങ്കൂറ്റം കാണിക്കാത്തതെന്താണെന്ന് ലാറ ചോദിച്ചു. താലിബാന്‍ ഭരണത്തില്‍ വനിതകളുടെ സ്ഥിതി എന്താണെന്ന് ഇവര്‍ മനസിലാക്കി പ്രതികരിക്കണമായിരുന്നു ലാറ പറഞ്ഞു.

അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാന്‍ വിട്ടതിനുമുമ്പുള്ള അഫ്ഗാന്‍ വനിതകളുടെ സ്ഥിതി ഇനി അവര്‍ക്ക് സ്വപ്‌നം കാണാനാകുമോ ലാറ ചോദിച്ചു. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും ഒളിച്ചോടുന്ന സ്ഥിതിയിലേക്ക് വൈസ് പ്രസിഡന്റ് കമല ഹാരിസ് അധഃപതിച്ചിരിക്കുന്നുവെന്നും ലാറ ആരോപിച്ചു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍