ലോസ് ആഞ്ജലിസ്: കാലിഫോര്‍ണിയ സംസ്ഥാനത്തെ വലിയ കൗണ്ടികളിലൊന്നായ ലോസ് ആഞ്ജലിസില്‍ ഞായറാഴ്ച മാത്രം 45,000 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

പതിമൂന്ന് കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ പാന്‍ഡമിക് ആരംഭിച്ചതിനുശേഷം മരിച്ചവരുടെ എണ്ണം ലോസ്ആഞ്ജലിസ് കൗണ്ടിയില്‍ മാത്രം 27785 ആയി ഉയര്‍ന്നു.

അനിയന്ത്രിതമായി വ്യാപിക്കുന്ന കോവിഡിനോടനബന്ധിച്ച് പുതിയ വേരിയന്റ് ഒമിക്രോണും കൗണ്ടിയില്‍ വ്യാപിക്കുന്നുണ്ട്. ദിവസേന കൗണ്ടിയില്‍ 115000 പേര്‍ കോവിഡ് പരിശോധനക്ക് വിധേയരാകുന്നുണ്ട്. ഇതില്‍ 20 ശതമാനത്തിനും രോഗം സ്ഥിരീകരിക്കുന്നതായി കൗണ്ടി ആരോഗ്യവകുപ്പ് അറിയിച്ചു. 

കഴിഞ്ഞ ആഴ്ചയിലെ കോവിഡ് കേസുകള്‍ പുതിയ റെക്കോര്‍ഡിലെത്തിയിരിക്കുന്നു. ഏഴു ദിവസത്തിനുള്ളില്‍ 200000 പുതിയ കേസുകളാണ് കൗണ്ടിയില്‍ സ്ഥിരീകരിച്ചത്.

പാന്‍ഡമിക്ക് ആരംഭിച്ചതിനുശേഷം ലോസ് ആഞ്ജലിസ് കൗണ്ടിയില്‍ 2 മില്യണ്‍ കോവിഡ് കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച 3364 പേരെ ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചു. ഒമിക്രോണ്‍ വേരിയന്റുമായി ആശുപത്രിയില്‍ കഴിയുന്നവരില്‍ രോഗലക്ഷണങ്ങള്‍ ഗുരുതരമായി കാണുന്നതായി അധികൃതര്‍ പറയുന്നു. 

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍