ടൊറന്റോ/കാനഡ: കാനഡയില്‍ പ്രവാസി കേരള കോണ്‍ഗ്രസ് എം സംഘടിപ്പിച്ച കെഎം മാണി രണ്ടാം ചരമ വാര്‍ഷിക ദിനാചരണം റോഷി അഗസ്റ്റിന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ തൊഴിലാളികളെയും അവശത അനുഭവിക്കുന്നവരെയും  കര്‍ഷകരുടെയും താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കെഎം മാണി വഹിച്ച പങ്കിനെക്കുറിച്ച് റോഷി അഗസ്റ്റിന്‍ അനുസ്മരിച്ചു. കെഎം മാണി എന്ന ദീര്‍ഘദര്‍ശിയുടെ ഓര്‍മകളാണ് കേരള കോണ്‍ഗ്രസിനെ മുന്നോട്ട് നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെഎം മാണി മന്ത്രിയായിരുന്നപ്പോള്‍ നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് മുന്‍ എംഎല്‍എ സ്റ്റീഫന്‍ ജോര്‍ജ് അനുസ്മരിച്ചു. പ്രതിസന്ധി ഘട്ടങ്ങളെ നിഷ്പ്രയാസം തരണം ചെയ്യാനുള്ള അദ്ദേഹത്തിന്റെ വൈഭവത്തെക്കുറിച്ചും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ സ്റ്റീഫന്‍ ജോര്‍ജ് അനുസ്മരിച്ചു.

മാനവികതയില്‍ ഊന്നിയ പദ്ധതികളാണ് കെ.എം.മാണി നടപ്പാക്കിയതെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ പ്രമോദ് നാരായണന്‍ പറഞ്ഞു. കാരുണ്യപദ്ധതി, ഭാവനനിര്‍മാണ പദ്ധതി, കര്‍ഷക പെന്‍ഷന്‍, റബര്‍ വിലസ്ഥിരത പദ്ധതി എന്നിവയെല്ലാം കെഎംമാണിയുടെ സമൂഹത്തോടുള്ള പ്രതിബദ്ധത വ്യക്തമാക്കുന്ന പദ്ധതികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാനഡ പ്രവാസി കേരള കോണ്‍ഗ്രസ് എം പ്രസിഡന്റ് സോണി മണിയങ്ങാടന്റെ അധ്യക്ഷതയില്‍ സൂമില്‍ ചേര്‍ന്ന യോഗത്തില്‍ നൂറിലേറെ പേര്‍ പങ്കെടുത്തു. സിനു മുളയാനിക്കല്‍ സ്വാഗതവും, റോഷന്‍ പുല്ലുകാലായില്‍ കൃതജ്ഞതയും രേഖപ്പെടുത്തിയ യോഗത്തില്‍, ബിനേഷ് ജോര്‍ജ്, അമല്‍ വിന്‍സെന്റ്, ബൈജു പകലോമറ്റം, ബിജോയ് ഇല്ലം, ജോസ് നെല്ലിയാനി, ജിജു ജോസഫ്, സിബി ജോണ്‍, ജോസ് കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു. ആസ്റ്റര്‍ ജോര്‍ജ്, റെബി ചെമ്പോട്ടിക്കല്‍, ജോജോ പുളിക്കന്‍, റോബിന്‍ വടക്കന്‍, മാത്യു വട്ടമല, ചെറിയാന്‍ കരിംതകര, അശ്വിന്‍ ജോസ്, മാത്യു റോയ്, ക്ലിന്‍സ് സിറിയക്ക് എന്നിവര്‍ തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ പങ്കെടുത്തു.