ഫീനിക്‌സ്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കണ്‍വെന്‍ഷന്‍ വേദിയില്‍ പ്രതിഷ്ഠിക്കുന്ന വിഗ്രഹം ഇന്ത്യയില്‍ വിവിധ സപ്താഹവേദിയില്‍ സാന്നിധ്യമായിരുന്ന ശ്രീകൃഷ്ണന്റേത്.

പ്രമുഖ സപ്താഹാചാര്യന്‍ മഥുനപ്പള്ളി വാസുദേവന്‍ നമ്പൂതിരിയുടെ തൃശ്ശൂരിലെ ഇല്ലത്തെത്തി കെഎച്ച്എന്‍എ പ്രസിഡന്റ് ഡോ.സതീഷ് അമ്പാടി വിഗ്രഹം ഏറ്റുവാങ്ങി.ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിച്ച് പ്രത്യേക പൂജകളും നടത്തിയ ശേഷമാണ് അമേരിക്കയിലേക്ക് കൊണ്ടുവരുന്നത്. ഗുരുവായൂരിലെ പൂജകള്‍ക്ക്് ഉണ്ണിക്കുട്ടന്‍ നമ്പൂതിരി നേതൃത്വം നല്‍കി.

കെഎച്ച്എന്‍എ കോര്‍ഡിനേറ്റര്‍ പി ശ്രീകുമാര്‍, നിഷ അമ്പാടി എന്നിവരും സന്നിഹിതരായിരുന്നു.പത്തു വര്‍ഷം മുന്‍പ് ഡാലസ് ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹത്തിനൊപ്പം നിര്‍മ്മിച്ചതാണ് ഈ വിഗ്രഹവും. 26 കിലോ ഭാരം വരുന്ന വെങ്കല വിഗ്രഹം വിവധ സപ്താഹവേദികളില്‍ ഉപയോഗിച്ചിട്ടുണ്ട്.

വാര്‍ത്തയും ഫോട്ടോയും : പി.ശ്രീകുമാര്‍