ഫിനിക്സ്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഗ്ലോബല്‍ കണ്‍വെന്‍ഷനില്‍ വനിതാ പ്രതിനിധികളുടെ മെഗാ തിരുവാതിര സംഘടിപ്പിക്കും. 2021 ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടുവരെ അരിസോണ ഗ്രാന്റ് റിസോര്‍ട്ടിലാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ നടത്തി വരുന്ന ആഗോള ഹിന്ദു സംഗമം കോവിഡ് വ്യാപന സാഹചര്യം മുന്‍നിര്‍ത്തി 2021 ജബലായില്‍ നിന്നും ഡിസംബര്‍ 30 ലേക്ക് നീട്ടിവെക്കുകയായിരുന്നു. പൊതുസമ്മേളനം, ആദ്ധ്യാത്മിക പ്രഭാഷണം, സാംസ്‌കാരിക സമ്മേളനങ്ങള്‍, സദ്സംഗങ്ങള്‍, സെമിനാറുകള്‍, കലാപരിപാടികള്‍, ചര്‍ച്ചകള്‍ തുടങ്ങിയവ കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കും.

നിറതിരിയിട്ട് തെളിയിച്ച നിലവിളക്കിനു ചുറ്റും മുണ്ടും നേര്യതും ഉടുത്ത് മലയാളി മങ്കമാര്‍ തിരുവാതിര ഈരടികള്‍ക്കൊത്ത് ചുവടുവെയ്ക്കും. അനിത പ്രസീദിന്റെ നേതൃത്വത്തില്‍ നൂറിലധികം പേരാണ് തിരുവാതിരയില്‍ പങ്കെടുക്കുന്നത്. 

കേരളീയ വനിതകളുടെ തനത് സംഘനൃത്തമായ തിരുവാതിരകളി ഓരോ മലയാളിയുടെയും മനസ്സില്‍ ഗതകാല പ്രൗഢിയുടെ മധുരസ്മരണകളുണര്‍ത്തും. മെഗാ തിരുവാതിര അവതരണത്തിലൂടെ കൂട്ടായ്മയുടെ വലിയൊരു കലാവേദിയാകും അരിസോണ ഗ്ളോബല്‍ കണ്‍വെന്‍ഷന്‍.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യാനും www.namaha.org സന്ദര്‍ശിക്കുക

വാര്‍ത്തയും ഫോട്ടോയും : പി.ശ്രീകുമാര്‍