ഡാലസ്: കേരള പ്രീമിയര്‍ ക്രിക്കറ്റ് ലീഗ് ഫൈനല്‍ മത്സരം സെപ്റ്റംബര്‍ 25, ശനിയാഴ്ച 6 മണിക്ക് ഗാര്‍ലാന്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ച് നടത്തപ്പെടുന്നു. വിന്‍സെന്റ് ജോണിക്കുട്ടി നയിക്കുന്ന കേരള ടൈറ്റാനിക്കും, അലൈന്‍ ജെയിംസ് നയിക്കുന്ന കേരള ഫൈറ്റേഴ്സ് തമ്മില്‍ ഫൈനല്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ കേരള ഗ്ലാഡിയേറ്റസിനെ 94 റണ്‍സിന് പരാജയപ്പെടുത്തി കൊണ്ടാണ് കേരള ഫെറ്റേഴ്സ് ഫൈനലില്‍ പ്രവേശിച്ചത്. കേരള കിംഗ്‌സിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി കൊണ്ടാണ് കേരള ടൈറ്റാനിക് ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചത്. സെമി ഫൈനലില്‍ 20 റണ്‍സ് എടുക്കുകയും നാല് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത് മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട ബ്ലെസണ്‍ ജോര്‍ജ് ആണ് ഫൈനലില്‍ തങ്ങള്‍ക്ക് പ്രതീക്ഷ എന്ന ക്യാപ്റ്റന്‍ അലെന്‍ ജെയിംസ് അഭിപ്രായപ്പെട്ടു. 9 ഓള്‍ റൗണ്ടര്‍മാര അണിനിരത്തി കൊണ്ടാണ് കേരള ടൈറ്റാനിക് ഫൈനല്‍ മത്സരത്തിനു തയ്യാറാവുന്നത് എന്ന് മാനേജര്‍ വിന്‍സെന്റ് ജോണിക്കുട്ടി അറിയിച്ചു. ജൂലൈ ഒന്നിന് ഗാര്‍ലാന്‍ഡ് സിറ്റിയില്‍ ഉദ്ഘാടനം ചെയ്ത ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആയിരിക്കും മത്സരങ്ങള്‍ നടത്തപ്പെടുന്നത് എന്ന് സംഘാടകര്‍ അറിയിച്ചു. ക്രിക്കറ്റ് പ്രേമികള്‍ക്ക് മത്സരം കാണുവാനായി കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഇരിപ്പിടങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട് എന്നും, യൂട്യൂബ് ചാനല്‍ വഴി മത്സരം തത്സമയം വീക്ഷിക്കുന്നതിന് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും കോര്‍ഡിനേറ്റര്‍ അറിയിച്ചു.