ഡാലസ്: കേരളാ ലിറ്റററി സൊസൈറ്റി ശനിയാഴ്ച സംഘടിപ്പിച്ച 'ഒരു വട്ടം കൂടി പള്ളിക്കൂടത്തിലേക്ക്' എന്ന പരിപാടി അമേരിക്കയിലെയും ഇന്ത്യയിലെയും സദസ്യര്‍ക്കു കൗതുകം നിറഞ്ഞതും വ്യത്യസ്തയാര്‍ന്നതുമായ പരിപാടിയായി. സ്‌കൂളിലെ ചിട്ടവട്ടങ്ങള്‍ ഒരുക്കിയായിരുന്നു പരിപാടി. ആദ്യം സ്‌കൂളില്‍ അടിക്കുന്ന മണിയുടെ അകമ്പടിയോടെ പ്രസിഡന്റ് സിജു വി ജോര്‍ജ് സത്യപ്രതിജ്ഞ ചൊല്ലികൊടുക്കുകയും, സെക്രട്ടറി ഹരിദാസ് തങ്കപ്പന്‍ 'അഖിലാണ്ഡമണ്ഡലം ' എന്ന പ്രാര്‍ത്ഥനവും പാടി തുടക്കം കുറച്ചു. പ്രധാന അധ്യാപകന്റെ റോളും മുഖ്യാതിഥിയും അധ്യാപകനും, നാടന്‍പാട്ട് കലാകാരനുമായ ജോര്‍ജ് ജേക്കബ് ആയിരുന്നു.

ഒന്നാം ക്ലാസു മുതല്‍ ആറാം ക്ലാസുവരെയുള്ള വിവിധ കാലഘട്ടങ്ങളില്‍ നാം സ്‌കൂള്‍ ക്ലാസുകളില്‍ പഠിച്ചു പോയ പാഠപുസ്തകങ്ങളിലെ കവിതകളും കഥകളുടെയും ഒരു വലിയ ഓര്‍മ്മകളുടെ ശേഖരമായി മാറി 'ഒരു വട്ടംകൂടി... പള്ളിക്കൂടത്തിലേക്ക്' എന്ന പരിപാടി.ജെ. മാത്യൂസ്, സി.വി ജോര്‍ജ്, ജോസ് ഒച്ചാലില്‍, ജോസെന്‍ ജോര്‍ജ്, അല്‍സ്റ്റാര്‍ മാമ്പിള്ളി, പരമേശ്വരന്‍ ഉണ്ണി, പി.പി ചെറിയാന്‍, സുരേഷ് അച്യുതന്‍, ഹരിഹരന്‍ ഉണ്ണിയും നാട്ടിലെ ഒരു കൂട്ടം അധ്യാപകരും പങ്കെടുക്കുകയും പ്രായവ്യത്യാസം കൂടാതെ ആസ്വദിക്കാനും നന്മയുടെ ഭൂതകാലത്തിലേയ്‌ക്കൊരു തിരിഞ്ഞുനോട്ടമായി മാറുകയും ചെയ്തു.

വിശിഷ്ട അതിഥിയായി കേരളത്തില്‍ നിന്നും പ്രമുഖ കാഥികന്‍ പുളിമാത്ത് ശ്രീകുമാറും പങ്കെടുത്തു. പ്രസ്തുത പരിപാടി ജോയിന്റ് സെക്രട്ടറി സാമുല്‍ യോഹന്നാന്‍ നന്ദി പറയുകയും ചെയ്തു.

വാര്‍ത്തയും ഫോട്ടോയും : അനശ്വരം മാമ്പിള്ളി