വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആഡ്രു കൊമോക്കെതിരെ ഉയര്‍ന്ന നിരവധി ലൈംഗികാരോപണങ്ങളെ സ്വന്തം പാര്‍ട്ടി നേതാക്കള്‍ അപലപിക്കുകയും ഗവര്‍ണറുടെ രാജി ആവശ്യപ്പെടുകയും ചെയ്തിട്ടും ഇതിനെതിരെ ഒരഭിപ്രായവും രേഖപ്പെടുത്താതെ ഒഴിഞ്ഞുമാറി വൈസ് പ്രസിഡന്റ് കമല ഹാരിസ്.

മാര്‍ച്ച് 16 ന് സ്ത്രീകളുടെ നിയോഗങ്ങളെക്കുറിച്ച് യു.എന്‍. സംഘടിപ്പിച്ച സമ്മേളത്തില്‍ സമൂഹത്തില്‍ ജനാധിപത്യം സംരക്ഷിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും സ്ത്രീകള്‍ വഹിക്കുന്ന പങ്കിനെ മുക്തകണ്ഠം പ്രശംസിച്ച കമല ഹാരിസ് ഇന്ന് ന്യൂയോര്‍ക്കിലും അമേരിക്ക മുഴുവനും ചര്‍ച്ച ചെയ്യപ്പെടുന്ന ഗവര്‍ണറുടെ ലൈംഗികാരോപണങ്ങളെക്കുറിച്ച് ഒരക്ഷരം പോലും പറയാതിരുന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തി.

2018 ല്‍ സുപ്രീംകോടതി ജഡ്ജിയായി നോമിനേറ്റ് ചെയ്ത ബ്രട്ട് കവനോയുടെ സെനറ്റ് കണ്‍ഫര്‍മേഷനില്‍ അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ലൈംഗീകാരോപണങ്ങളെക്കുറിച്ച് ക്രോസ് വിസ്താരം നടത്തുകയും സ്ത്രീകളുടെ സംരഭകയായി രംഗത്തെത്തുകയും ചെയ്ത കമല എന്തുകൊണ്ട് ഈ സന്ദര്‍ഭത്തില്‍ നിശ്ശബ്ദത പാലിക്കുന്നുവെന്നാണ് കമലയുടെ ആരാധകര്‍പോലും ഉയര്‍ത്തുന്ന ചോദ്യം. 

അതേസമയം, ലൈംഗികാരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന കമ്മീഷന്‍ ഗവര്‍ണര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കില്‍ രാജി ആവശ്യപ്പെടുമെന്നാണ് ഇന്ന് പ്രസിഡന്റ് ബൈഡന്‍ അഭിപ്രായപ്പെട്ടത്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍