വാഷിങ്ടണ്‍ ഡിസി: വലിയ വിവാദങ്ങള്‍ക്കും നീണ്ട കാത്തിരിപ്പിനും ശേഷം പ്രസിഡന്റ് ബൈഡന്‍ കൊണ്ടുവന്ന 1.9 ട്രില്യണ്‍ ഡോളറിന്റെ കൊറോണ വൈറസ് റെസ്‌ക്യൂ പാക്കേജ് സെനറ്റില്‍ ചര്‍ച്ച തുടരുന്നതിന് അനുമതി ലഭിച്ചു.

ബില്‍ ചര്‍ച്ചക്കെടുക്കണോ എന്ന വിഷയത്തില്‍  വോട്ടെടുപ്പു നടന്നപ്പോള്‍ ഇരുപാര്‍ട്ടികളും 50-50 വോട്ട് എന്ന നിലയില്‍ വഴിമുട്ടിയപ്പോള്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ കാസ്റ്റിങ്ങ് വോട്ടാണ് ബില്ലിന് രക്ഷയായത്. 

ബില്ലിന്റെ വിശദചര്‍ച്ചകള്‍ ഇനി സെനറ്റില്‍ നടക്കും. ബഡ്ജറ്റ് റിക്കണ്‍സിലിയേഷന്‍ നടപടി പൂര്‍ത്തിയായതിനാല്‍ ബില്ല് ചര്‍ച്ചക്കെടുക്കുന്നതിന് കേവല ഭൂരിപക്ഷം മാത്രം മതിയായിരുന്നു്.

വിസ കോണ്‍സലില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ റോണ്‍ ജോണ്‍സണ്‍ 628 പേജു വരുന്ന ബില്ല് മുഴുവനായും സെനറ്റ് ക്ലാര്‍ക്ക് വായിക്കണമെന്ന് നിര്‍ബന്ധിച്ചു. ഇതോടെ ചര്‍ച്ചക്കനുവദിച്ച 20 മണിക്കൂറിനോടൊപ്പം 10 മണിക്കൂര്‍ കൂടി അനുവദിച്ചു.

സെനറ്റ് മെജോറിട്ടി ലീഡര്‍ ചക്ക് ഷുമ്മറുടെ ഉറച്ച നിലപാടാണ് ഇന്നുതന്നെ ബില്ല് ചര്‍ച്ചക്കെടുക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുന്നിന് വഴിതെളിയിച്ചത്. ബില്ല് ചര്‍ച്ചക്കെടുക്കുന്നത് പരമാവധി താമസിപ്പിക്കുക എന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അജണ്ട കമലഹാരിസിന്റെ വോട്ടോടെ പരാജയപ്പെട്ടു. വരും ദിവസങ്ങളില്‍ 1.9 ട്രില്യണ്‍ ഡോളറിന്റെ പാക്കേജ് പൂര്‍ണമായി സെനറ്റ് അംഗീകരിക്കുമോ എന്നു കാത്തിരുന്നു കാണാം.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍