ഇന്ത്യാനാപോളിസ്:  ഇന്ത്യാനാപോളിസിലെ ഫെഡക്സ് കേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും ഖേദം പ്രകടിപ്പിച്ചു. ഗണ്‍  വയലന്‍സ് അമേരിക്കയെ ഗ്രസിച്ച മാറാവ്യാധിയായിരിക്കുന്നു. ഇതൊരിക്കലും അംഗീകരിക്കാനാവില്ല. നാം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു പ്രസിഡന്റ് ജോ ബൈഡന്‍  പറഞ്ഞു. വെടിവെപ്പില്‍ ജീവന്‍ നഷ്ടപെട്ടവരുടെ കുടുംബാങ്ങളെ ദൈവം ആശ്വസിപ്പിക്കട്ടെ. ആശുപത്രിയില്‍ മുറിവേറ്റു കഴിയുന്നവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും ബൈഡന്‍ ആശംസിച്ചു. ഇവരോടുള്ള ആദരസൂചകമായി വൈറ്റ് ഹൗസ് ഉള്‍പ്പടെ എല്ലായിടത്തും  ദേശീയ പതാക പകുതി താഴ്ത്തി കെട്ടുവാന്‍ പ്രസിഡന്റ് നിര്‍ദേശം നല്‍കി.

വെടിവയ്പില്‍ കൊല്ലപ്പെട്ട നാല് സിഖ് വംശജര്‍ ഉള്‍പ്പെടെ എട്ടുപേരുടേയും വിവരങ്ങളും ചിത്രവും മാധ്യമങ്ങള്‍ക്കു നല്‍കി. അമര്‍ജിത് ജോഹല്‍ (66), ജസ്വിന്ദര്‍ കൗര്‍ (64), അമര്‍ജിത് സ്‌ക്കോണ്‍ (48), ജസ്വിന്ദര്‍ സിംഗ് (68), കാര്‍ലി സ്മിത്ത് (19), സമറിയ ബ്ലാക്ക്വെല്‍ (19), മാത്യു ആര്‍. അലക്സാണ്ടര്‍ (32), ജോണ്‍ വൈസെര്‍ട്ട് (74) എന്നിവരാണ് കൊല്ലപ്പെട്ടവര്‍. വെടിയുതിര്‍ത്ത ഫെഡക്സിലെ മുന്‍ ജീവനക്കാരന്‍ സ്‌ക്കോട്ട് ഹോള്‍ (19) സ്വയം വെടിവെച്ച്  ആത്മഹത്യ ചെയ്യുകയായിരുന്നു.
ഡെലിവറി സ്ഥാപനത്തിലെ ജീവനക്കാരില്‍ 90 ശതമാനവും ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരാണ്. അതില്‍ ഭൂരിഭാഗവും സിഖുകാരാണ്. സിഖ് വംശജര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിഖ് കൊയലേഷന്‍ എക്സികൂട്ടീവ് ഡയറക്ടര്‍ സത്ജിത് കൗര്‍ നടുക്കം പ്രകടിപ്പിച്ചു.

വാര്‍ത്തയും ഫോട്ടോയും : പി.പി. ചെറിയാന്‍