വാഷിങ്ടണ്‍ ഡിസി: ഫെഡറല്‍ ടാക്‌സ് റിട്ടേണ്‍ ജനുവരി 24 മുതല്‍ സ്വീകരിച്ചു തുടങ്ങുമെന്ന് ഐആര്‍എസ്സിന്റെ പത്രക്കുറിപ്പില്‍ പറയുന്നു. അവസാന തീയതി ഏപ്രില്‍ 18 ആണ്. 

ഫെഡറല്‍ ഫയലിംഗ് ഡെ ഏപ്രില്‍ 18 ന് അവസാനിക്കുമെങ്കിലും ഓണ്‍ലൈനിലൂടെ അപേക്ഷിച്ചാല്‍ ആറുമാസം കൂടി കാലാവധി നീട്ടിക്കിട്ടും. ഐആര്‍എസ്സിലേക്ക് തിരിച്ചടക്കേണ്ട തുകക്ക് കാലാവധി നീട്ടിക്കൊടുക്കുകയാണ് എന്ന് പ്രത്യേകം കുറിപ്പില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

2021 ല്‍ ഐആര്‍എസ് വിഹിതം അടയ്‌ക്കേണ്ടവര്‍ പ്രത്യേക പ്രതികൂല സാഹചര്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് മെയ് 16 വരെ കാലാവധി നീട്ടി ലഭിക്കും.

ടാക്‌സ് സീസണില്‍ ഐആര്‍എസ്സില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ നികുതിദായകര്‍ക്ക് തിരികെ ലഭിക്കേണ്ട തുകക്ക് അല്പം താമസം നേരിടേണ്ടി വരുമെന്നും അറിയിപ്പില്‍ പറയുന്നു. 

നികുതിദായകര്‍ ഐആര്‍എസിലേക്ക് ഫോണ്‍ കോള്‍ ചെയ്യുന്നുണ്ടെങ്കില്‍ മറുപടി ലഭിക്കുവാന്‍ താമസം നേരിടുമെന്നും കഴിഞ്ഞ വര്‍ഷം ലഭിച്ചഫോണ്‍ കോളുകളില്‍ മൂന്നില്‍ രണ്ടുഭാഗത്തിനും മറുപടി നല്‍കുവാന്‍ കഴിഞ്ഞിട്ടില്ലെന്നും ഐആര്‍എസ് ഗവ.ഓണ്‍ലൈന്‍ ടൂള്‍ ഉപയോഗിച്ച്‌നിങ്ങളുടെ ചോദ്യങ്ങളും സംശയങ്ങളും സമര്‍പ്പിച്ചാല്‍ മറുപടി ലഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ കഴിവതും 21 ദിവസത്തിനകം റീഫണ്ടിനുള്ള നടപടികള്‍ ഉണ്ടാകും. വ്യവസായ വാണിജ്യ ടാക്‌സ് റിട്ടേണ്‍സിന്റെ തീയതി ഇതില്‍ നിന്നും വ്യത്യസ്ഥമാണ്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍