നോര്‍ത്തമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ.) സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് സംവാദം മാര്‍ച്ച് 20 ന് 12 മണിക്ക് ശനിയാഴ്ച സൂമില്‍ നടക്കും. കേരളത്തിലെ മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകരും അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കും, കൂടാതെ രാഷ്ട്രീയ താല്പര്യമുള്ള അമേരിക്കന്‍ മലയാളികള്‍ക്കും ഒരേ വേദിയില്‍ സംവദിക്കാനുള്ള അവസരം ഇന്ത്യ പ്രസ് ക്ലബ് ഒരുക്കുകയാണ്.

പ്രസ് ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ 'മാധ്യമ സംഗമം 2021' മുതിര്‍ന്ന മൂന്നു മാധ്യമ പ്രവര്‍ത്തകരായ ആര്‍.ശ്രീകണ്ഠന്‍ നായര്‍, എം.ജി. രാധാകൃഷ്ണന്‍, എന്‍.പി.ചന്ദ്രശേഖര്‍ എന്നിവരെ പങ്കെടുപ്പിച്ചു നടത്തിയതിനു ശേഷം ഇന്ത്യ പ്രസ് ക്ലബ് ഒരുക്കുന്ന ഈ 'ഇലക്ഷന്‍ ഡിബേറ്റി'നു വമ്പിച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

മുന്നണികളെ പ്രതിനിധീകരിച്ച് രാജു എബ്രഹാം എം.എല്‍.എ (എല്‍.ഡി.എഫ്), കെ.പി.സി.സി. സെക്രട്ടറി സി.എസ്.ശ്രീനിവാസ് (യു.ഡി.എഫ്), ബി.ജെ.പി മുന്‍ സ്റ്റേറ്റ് സെക്രട്ടറി ബി. രാധാകൃഷ്ണന്‍ (എന്‍.ഡി.എ), എന്നിവരാണ് സംവാദത്തില്‍ പങ്കെടുക്കുന്നത്.

ഇവരോടൊപ്പം അമേരിക്കയിലെ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അണിനിരക്കും. അതിനാല്‍ തീപാറുന്ന ചര്‍ച്ച പ്രതീക്ഷിക്കാം. ഈ ഇലക്ഷന്‍ ഡിബേറ്റിന്റെ മോഡറേറ്റര്‍മാര്‍ അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകരായ സുനില്‍ തൈമറ്റവും, ജിനേഷ് തമ്പിയുമാണ്.

അധികാരം നിലനിര്‍ത്താന്‍ ഇടതു മുന്നണിയും ഭരണം പിടിക്കാന്‍ യു.ഡി.എഫും. എല്ലാ അടവുകളും പയറ്റുന്നു. ഇതിനിടയിലാണ് ബി.ജെ.പിയുടെ മുന്നേറ്റം. അത് ഫലത്തെ എങ്ങനെ ബാധിക്കും എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. 35 സീറ്റില്‍ ജയിച്ചാല്‍ തങ്ങള്‍ ഭരണം നടത്തുമെന്നാണ് ബി.ജെ.പിയുടെ വെല്ലുവിളി.

ഇലക്ഷന്‍ അടുക്കും തോറും ചിത്രം മാറി മറിയുകയാണ്. കേരളത്തില്‍ പ്രവചനങ്ങള്‍ അത്ര കണ്ട് ഫലിക്കാറില്ല. അതിനാല്‍ എല്ലാവരും ശക്തമായ പ്രചാരണവുമായി രംഗത്തുണ്ട്. പങ്കെടുക്കുന്നവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാം. പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യുക www.indiapressclubna.org/electiondebate. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 9176621122 

വാര്‍ത്തയും ഫോട്ടോയും : സുനില്‍ ട്രൈസ്റ്റാര്‍