ഹൂസ്റ്റണ്‍: കോവിഡ്19 മഹാമാരി ലോകത്തെ മുഴുവന്‍ അനിശ്ചിതത്വത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയും ലോകജനത അതിഭയാനക അനുഭവത്തിലൂടെ കടന്നുപോകുകയും ചെയ്യുന്ന അവസ്ഥയില്‍ നമ്മില്‍ നിന്നും ഉയരുന്ന പ്രാര്‍ത്ഥനകള്‍ വെറും ചടങ്ങുകളായി മാറാതെ കരള്‍ ഉരുകി പറിഞ്ഞുവീഴുന്ന അനുഭവത്തോടുകൂടെയുള്ളതായിരിക്കണമെന്ന് സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ബിഷപ്പ് ഡോ.സി.വി.മാത്യു ഉദ്‌ബോധിപ്പിച്ചു.

മെയ് 11 ന് ഇന്റര്‍ നാഷണല്‍ പ്രെയര്‍ ലൈന്‍ ഏഴാമത് വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യപ്രസംഗം നടത്തുകയായിരുന്നു ബിഷപ്പ്.

കാലം ചെയ്ത ജോസഫ് മാര്‍ത്തോമാ മെത്രാപ്പൊലീത്ത പ്രാര്‍ത്ഥിച്ചനുഗ്രഹിച്ച ആദ്യകൂട്ടായ്മയില്‍ 24 പേരാണ് പങ്കെടുത്തതെങ്കില്‍ ഇപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അഞ്ഞൂറില്‍പ്പരം അംഗങ്ങള്‍ ഐപിഎല്ലിന്റെ ആഭിമുഖ്യത്തില്‍ എല്ലാ ചൊവ്വാഴ്ചകളിലും നടത്തിവരുന്ന പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നുണ്ടെന്ന് കോര്‍ഡിനേറ്റര്‍ സി.വി.സാമുവേല്‍ ആമുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് യോഗത്തിലേക്ക് മുഖ്യാതിഥിയുള്‍പ്പെടെ ഏവരെയും സ്വാഗതം ചെയ്തു. ഹൂസ്റ്റണില്‍ നിന്നുള്ള കോര്‍ഡിനേറ്റര്‍ ടി.എ.മാത്യു, ടെന്നിസ്സിയില്‍ നിന്നുള്ള അലക്‌സ് തോമസ്, ആലീസ് വര്‍ഗീസ് എന്നിവര്‍ തങ്ങളുടെ അനുഭവം പങ്കുവെച്ചു. നിശ്ചയിക്കപ്പെട്ട പാഠഭാഗം എലിസബത്ത് തോമസ് (ഫിലഡല്‍ഫിയ), ഡോ.അന്നമ്മ സാബു (ഷിക്കാഗോ) എന്നിവര്‍ വായിച്ചു. ടി.എ.മാത്യുവിന്റെ മധ്യസ്ഥപ്രാര്‍ത്ഥനക്കും നന്ദിപ്രകാശനത്തോടും യോഗം പര്യവസാനിച്ചു.

വാര്‍ത്തയും ഫോട്ടോയും : പി.പി. ചെറിയാന്‍