കൊളംബസ്(ജോര്‍ജിയ): ഗ്യാസ് സ്‌റ്റേഷനില്‍ നിന്നും ലഭിച്ച തുക ബാങ്കില്‍ അടയ്ക്കാന്‍ എത്തിയ ഇന്ത്യന്‍ അമേരിക്കന്‍ ഗ്യാസ് സ്‌റ്റേഷന്‍ ഉടമയെ വിസ്റ്റാറോഡിലുള്ള ബാങ്ക് ഓഫീസിന് മുമ്പില്‍ വെച്ച് അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തി.

ഡിസംബര്‍ 6 ന് രാവിലെ 10.30 നായിരുന്നു സംഭവം. ബാങ്ക് സ്ഥിതി ചെയ്്തിരുന്ന കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിച്ചിരുന്ന പോലീസ് സ്‌റ്റേഷന് മുമ്പിലായിരുന്ന ഈ സംഭവം നടന്നതെന്നത് ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

ഗുജറാത്ത് സ്വദേശിയായ അമിത് പട്ടേല്‍ (45) ബാങ്കിന് മുമ്പില്‍ തന്നെ വെടിയേറ്റ് മരിച്ചു വീഴുകയായിരുന്നുവെന്ന് കൊളംബസ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. കയ്യിലുണ്ടായിരുന്ന പണം കവര്‍ന്നാണ് അക്രമി ഓടിമറഞ്ഞത്.

സ്റ്റീം മില്‍ റോഡിനും ബ്യൂനവിസ്റ്റ റോഡിനും സമീപമുള്ള ഷെലറോണ്‍ ഗ്യാസ് സ്‌റ്റേഷന്‍ ഉടമയാണ് മരിച്ച അമിത്. 

കവര്‍ച്ചാശ്രമത്തിനിടയിലാണ് അക്രമികള്‍ നിറയൊഴിച്ചതെന്ന് ഗ്യാസ് സ്്‌റ്റേഷന്റെ മറ്റൊരു പാര്‍ട്ണറായ വിന്നി പട്ടേല്‍ പറഞ്ഞു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍