ഓസ്റ്റിന്‍, ടെക്സാസ്: ടെക്സാസിലെ ഓസ്റ്റിനിലും പരിസരപ്രദേശങ്ങളിലും താമസിച്ചു ജോലിചെയ്യുന്ന ഇന്ത്യന്‍ നേഴ്സുമാര്‍ക്ക് വേണ്ടി  രൂപീകരിച്ച ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് ഓസ്റ്റിന്‍ (INAA) ന്റെ ഔദ്യോഗിക ഉദ്ഘാടനത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.  സംഘടനയുടെ പ്രഥമ മീറ്റിങ്ങും ഔദ്യോഗികമായ ഉദ്ഘാടനവും ഫെബ്രുവരി 28 ന് വൈകീട്ട് 5 മണിക്ക് സൂമിലൂടെയാണ് വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ നടത്തപ്പെടുന്നത്. നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ഓഫ് അമേരിക്ക (നൈന) യുടെ ചാപ്റ്റര്‍ ആയി പ്രവര്‍ത്തിക്കത്തക്കവിധത്തിലാണ്  ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ഓസ്റ്റിന്‍ (INAA) ആരംഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ന്റെ സ്ഥാപക പ്രസിഡന്റ് ആയ മേരി റോയ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമ്മേളനത്തില്‍  നൈനയുടെ നാഷണല്‍ പ്രസിഡന്റ് ഡോ.ലിഡിയ ആല്‍ബര്‍കര്‍ക്കി പ്രഭാഷണം നടത്തും. നൈനയുടെ നാഷണല്‍ സെക്രട്ടറി സുജ തോമസ് പുതുതായി ചുമതലയേല്‍ക്കുന്ന ഭരണസമിതിക്ക് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കും. നൈനയുടെ നാഷണല്‍ വൈസ് പ്രസിഡന്റ് ഡോ.ബോബി വര്‍ഗ്ഗീസ് നഴ്സിംഗ് മേഖലയിലെ തുടര്‍ വിദ്യാഭ്യാസ സാധ്യതകളെപ്പറ്റിയുള്ള വിവരങ്ങള്‍ അവതരിപ്പിക്കും. കൂടാതെ നൈനയുടെ എക്‌സികുട്ടീവ് വൈസ് പ്രസിഡന്റ് അക്കാമ്മ  കല്ലേല്‍ മോട്ടിവേഷണല്‍ സ്പീക്കറായി സമ്മേളനത്തില്‍ പങ്കെടുക്കും.

ഭരണസമിതിക്ക് പ്രസിഡന്റ് എന്ന നിലക്ക് നേതൃത്വം നല്‍കുന്നത് ആശാ സുരേഷ് ആണ്. ബെന്‍സി മാത്യു (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ഷാനി ജിബി പാറക്കല്‍ (വൈസ് പ്രസിഡന്റ്), ടിസ മാത്യു (സെക്രട്ടറി), റീന ജോസഫ് (ട്രഷറര്‍) എന്നിവരാണ് ഭരണ സമിതിയിലെ മറ്റ് അംഗങ്ങള്‍. സി. അന്നക്കുട്ടി പോട്ടക്കല്‍, ലിസമ്മ വര്‍ഗ്ഗീസ്, ബീന മാത്യു, മിനി തോമസ് എന്നിവര്‍ അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായും പ്രവര്‍ത്തിക്കും. ആഷാ ബോസ് (Education Committee Chair),  എല്‍സ വര്‍ക്കി ( Communication Committee Chair), ടിനു മാത്യു (Membership Committee chair) എന്നിവരും എക്‌സിക്യൂട്ടീവ് കമ്മിറ്റിയോട് ചേര്‍ന്ന് സംഘടനയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

കോവിഡിന്റെ വ്യാപനവേളയില്‍ കര്‍മ്മ നിരതരായിരുന്ന ഓസ്റ്റിനിലെ ഇന്ത്യന്‍ നേഴ്സുമാര്‍ക്ക് പരസ്പരം അടുത്തറിയുവാനും നഴ്സിംഗ് പ്രൊഫഷനിലെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തികൊണ്ട് പരസ്പര സഹകരണത്തോടെ മുന്നേറുവാനുമുള്ള അവസരമാണ് ഈ സംഘടനയിലൂടെ  ലക്ഷ്യമിടുന്നത് എന്ന് പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ആശാ സുരേഷ് അറിയിച്ചു. ഈ സംഘടനയുടെ രൂപീകരണത്തിനായി  പ്രത്സാഹിപ്പിക്കുകയും നിര്‍ദേശങ്ങള്‍ തന്ന് സഹായിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നൈനയുടെ നേതൃത്വത്തെ നന്ദിയോടെ സ്മരിക്കുന്നതായും അവര്‍ അറിയിച്ചു. കലാപരിപാടികളും, ഉപകാരപ്രദമായ അറിവുകള്‍ പ്രധാനം ചെയ്യുന്ന മറ്റ് പരിപാടികളും കൊണ്ട് തങ്ങളുടെ പ്രഥമ സമ്മേളനം സമ്പന്നമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് നേതൃത്വം. ഈ അവസരം പരമാവധി ഉപയോഗിച്ചുകൊണ്ട് മീറ്റിലേക്ക് എല്ലാവരെയും സ്വാഗതം  ചെയ്യുന്നതായി സെക്രട്ടറി ടിസ മാത്യു അറിയിച്ചു.

Zoom Meeting Id: 840 9706 7438
Passcode: 198234
Date & Time : February 28th Sunday 5pm (Central Time).

വാര്‍ത്തയും ഫോട്ടോയും : അനില്‍ മറ്റത്തിക്കുന്നേല്‍