ഇല്ലിനോയി മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനവും, കേരളപ്പിറവി ആഘോഷങ്ങളും നവംബര്‍ മൂന്നിന് വൈകീട്ട് 5 മണിക്ക് ഡസ്പ്ലെയിന്‍സിലുള്ള ക്നാനായ കമ്യൂണിറ്റി സെന്ററില്‍ വച്ചു (1800 ഡബ്ല്യു ഓക്റ്റണ്‍) നടക്കും. അന്നേദിവസം നടക്കുന്ന പൊതുസമ്മേളനത്തില്‍ ഇന്ത്യാ ഗവണ്‍മെന്റിനെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ നീതാ ഭൂഷണ്‍ ഐ.എഫ്.എസ്, രാജേശ്വരി ചന്ദ്രശേഖര്‍ ഐ.എഫ്.എസ് എന്നിവരില്‍ ഒരാള്‍ പങ്കെടുക്കും. 

ഐ.എം.എ ഷിക്കാഗോ മലയാളി സമൂഹത്തിനും, ഇവിടുത്തെ യുവജനങ്ങളുടെ വ്യക്തിത്വ വികാസത്തിനുവേണ്ടി വര്‍ഷങ്ങളായി നടത്തിവരുന്ന യുവജനോത്സവം തുടരണമെന്ന് കോണ്‍സല്‍ ജനറല്‍ പ്രസിഡന്റ് ജോര്‍ജ് പണിക്കരുമായി നടത്തിയ അഭിമുഖ സംഭാഷണത്തില്‍ ആവശ്യപ്പെട്ടു. ഐ.എം.എയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ശാഘനീയമാണെന്നും അവര്‍ തുടര്‍ന്നു പ്രസ്താവിച്ചു. 

ഇല്ലിനോയി മലയാളി അസോസിയേഷന്‍ വളരെ വിപുലമായ പരിപാടികളാണ് ഷിക്കാഗോ മലയാളികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. പൊതുസമ്മേളനത്തില്‍ ഷിക്കാഗോയിലെ വിവിധ കലാ-സാംസ്‌കാരിക-രാഷ്ട്രീയ- ആത്മീയ മേഖലകളില്‍ പ്രഗത്ഭ്യം തെളിയിച്ച വ്യക്തികള്‍ ലഘു പ്രസംഗങ്ങള്‍ നടത്തും. തുടര്‍ന്നു കലാപരിപാടികള്‍ അരങ്ങേറും. കൊച്ചിന്‍ കോറസിന്റെ മുഖ്യ ഗായകന്‍ കോറസ് പീറ്റര്‍, ജോര്‍ജ് പണിക്കര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ഗാനമേള, ഡാന്‍സ്, മിമിക്രി മുതലായ കലാപരിപാടികള്‍ ഈ സായാഹ്നത്തിന് ഉല്ലാസം പകരും. 

ജോര്‍ജ് പണിക്കര്‍ (പ്രസിഡന്റ്), റോയി മുളകുന്നം (എക്സി. വൈസ് പ്രസിനഡന്റ്), ജോര്‍ജ് മാത്യൂസ് (വൈസ് പ്രസിഡന്റ്), വന്ദന മാളിയേക്കല്‍ (സെക്രട്ടറി), ജോയി ഇണ്ടിക്കുഴി (ട്രഷറര്‍), ഷാനി ഏബ്രഹാം (ജോ. സെക്രട്ടറി), ഏബ്രഹാം ചാക്കോ (ജോ. ട്രഷറര്‍), മറിയാമ്മ പിള്ള (കണ്‍വീനര്‍), അനില്‍കുമാര്‍ പിള്ള (ജോ. കണ്‍വീനര്‍), പോള്‍ പറമ്പി, തോമസ് ജോര്‍ജ്, ചന്ദ്രന്‍പിള്ള എന്നിവര്‍ വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കി പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. 

ജയ്ബു കുളങ്ങര, സിറിയക് കൂവക്കാട്ടില്‍ എന്നിവര്‍ ഈ പരിപാടികളുടെ സ്പോണ്‍സര്‍മാരാണ്. വ്യക്തിപരമായി ക്ഷണിക്കുന്നതിന്റെ അപ്രായോഗികത മനസ്സിലാക്കി ഈ പരിപാടിയിലേക്ക് എല്ലാ മലയാളി കുടുംബങ്ങളേയും സാദരം ക്ഷണിക്കുന്നു. പ്രവേശനം സൗജന്യം.

ജോയിച്ചന്‍ പുതുക്കുളം