വാഷിങ്ടണ്‍ ഡിസി: അനധികൃതമായി അമേരിക്കയില്‍ കുടിയേറിയവരും മാനുഷിക പരിഗണനയുടെ പേരില്‍ അഭയം തേടിയവരുമായ 400000 പേര്‍ക്ക് താത്കാലിക സംരക്ഷണം ലഭിക്കുന്നുണ്ടെങ്കിലും അമേരിക്കന്‍ ഭരണഘടന വ്യവസ്ഥ അനുവദിക്കുന്ന ഗ്രീന്‍കാര്‍ഡിന് അര്‍ഹതയില്ലെന്ന് അമേരിക്കന്‍ സുപ്രീം കോടതി.

മെയ് 7 ന് ഇതുസംബന്ധിച്ച് സുപ്രീം കോടതിയുടെ ഐക്യകണ്‌ഠേനയുള്ള വിധി ജസ്റ്റിസ് എലിന കഗന്‍ പുറപ്പെടുവിച്ചത്.

സ്വന്തം രാജ്യത്തില്‍ നിന്നും ആഭ്യന്തര കലാപത്തിന്റെയും ഭീഷണിയുടെയും സാഹചര്യത്തില്‍ അമേരിക്കയില്‍ അഭയം നല്‍കിയവര്‍ക്ക് ടെമ്പററി പ്രൊട്ടക്ഷന്‍ സ്റ്റാറ്റസ് (ടിപിഎസ്) നല്‍കിയിരുന്നു. ഇതില്‍ പലരും അമേരിക്കയില്‍ സ്ഥിരതാമസത്തിന് താല്പര്യം പ്രകടിപ്പിച്ചിരുന്നു.

സാല്‍വഡോറില്‍ നിന്നും അഭയാര്‍ത്ഥികളായി അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ എത്തി 20 വര്‍ഷമായി താമസിക്കുന്ന ടിപിഎസ് സ്റ്റാറ്റസ് ഉണ്ടായിരുന്ന ദമ്പതികളായ ഒസെ സാന്റോസ് ഡാഞ്ചസ്, ഭാര്യ സോണിയ ഗോണ്‍സാലസ് എന്നിവര്‍ ഗ്രീന്‍ കാര്‍ഡിനുവേണ്ടി കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് കോടതിയുടെ വിധി. 1997-98 വര്‍ഷങ്ങളിലാണ് ഇവര്‍ അമേരിക്കയില്‍ എത്തിയതെന്നും 2001 ല്‍ താത്കാലിക സംരക്ഷണം നല്‍കിയിരുന്നുവെന്നും ഇവരുടെ നാലുമക്കളില്‍ ഇളയകുട്ടി അമേരിക്കയില്‍ ജനിച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഗ്രീന്‍ കാര്‍ഡിനപേക്ഷിച്ചത്.

അമേരിക്കയില്‍ അനധികൃതമായി പ്രവേശിച്ചവര്‍ക്ക് മാത്രമേ ഈ വിധി ബാധകമാകുകയുള്ളൂവെന്നും എന്നാല്‍ ടൂറിസ്റ്റ് വിസയിലോ താത്കാലിക വിസയിലോ അമേരിക്കയില്‍ എത്തി വിസ കാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോകാതെ നിയമപരമായി ഗ്രീന്‍കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്ക് മെറിറ്റനുസരിച്ച് തീരുമാനമെടുക്കാമെന്നും കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍