ഡെന്റന്‍(ഡാലസ്): ജോണ്‍ എച്ച്.ഗയര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഒക്ടോബര്‍ 15 ന് രാവിലെ ക്ലാസുകള്‍ ബഹിഷ്‌കരിച്ച് സ്‌കൂളിന് മുന്നില്‍ പ്രകടനം നടത്തി.

ഡെന്റന്‍ ഹൈസ്‌കൂള്‍ അധികൃതര്‍ ലൈംഗിക പീഢനങ്ങളെക്കുറിച്ച് നടത്തുന്ന അന്വേഷണം ശരിയായ ദിശയിലല്ല എന്നാരോപിച്ചാണ് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ചത്. രാവിലെ പത്തുമണിക്ക് ക്ലാസുകള്‍ ബഹിഷ്‌കരിച്ച് പുറത്തിറങ്ങിയ വിദ്യാര്‍ഥികള്‍ സ്‌കൂളിന് ചുറ്റും പ്രകടനം നടത്തുകയും പിന്നീട് സ്‌കൂള്‍ ഗേറ്റിന് സമീപം കൂടിനിന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഒക്ടോബര്‍ 6 നാണ് ലൈംഗിക അതിക്രമത്തെക്കുറിച്ച് അന്വേഷണിക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ വിദ്യാര്‍ഥിയും വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും ചേര്‍ന്ന് പ്രകടനം സംഘടിപ്പിച്ചത്. ലൈംഗിക അതിക്രമ കേസില്‍ പോലീസിന്റെ അടിയന്തിര ഇടപെടല്‍ വേണമെന്ന് സ്‌കൂളിന്റെ ഗേറ്റിന് മുന്‍വശം കൂടിനിന്ന വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് വിദ്യാര്‍ഥി നേതാക്കള്‍ അഭ്യര്‍ഥിച്ചു.

ഞങ്ങളുടെ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ സുരക്ഷിതമായ പഠനത്തിനുള്ള നടപടികള്‍ സ്‌കൂള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് പ്രകടനത്തിന് പിന്തുണ പ്രഖ്യാപിച്ച് അവിടെ എത്തിയിരുന്ന മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതാണെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഒരു മണിക്കൂര്‍ നീണ്ടുനിന്ന പ്രകടനം അവസാനിപ്പിച്ച് കുട്ടികള്‍ ക്ലാസുകളിലേക്ക് മടങ്ങി.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍