ഡാലസ്: ജൂലായ് 19ന് തിങ്കളാഴ്ച നിയമവിരുദ്ധമായി സംസ്ഥാനത്തേക്ക് പ്രവേശിച്ച 105 പേര്‍ അടങ്ങുന്ന ഒരു വാഹനം ടെക്‌സാസ് സ്റ്റേറ്റ് ട്രൂപ്പേര്‍സ് പിടിച്ചെടുത്തു. ടെക്‌സാസ് സംസ്ഥാനത്ത് മെക്‌സിക്കോ ബോര്‍ഡറിനടുത്ത ലാറിഡോ സിറ്റിയില്‍ നിന്നാണ് വാഹനം പിടിച്ചെടുത്തത്. മൈക്കിള്‍ മക്കോയ് എന്ന ട്രക്ക് ഡ്രൈവറെ മനുഷ്യ കള്ളക്കടത്ത് കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയില്‍ താമസിക്കുവാനുള്ള നിയമപരമായ രേഖകളില്ലാത്തതിനാല്‍ കഴിഞ്ഞ ആഴ്ചയില്‍ ഇതേ സിറ്റിയില്‍ നിന്ന് സംസ്ഥാനത്തേക്ക് പ്രവേശിച്ച 80 പേര്‍ അടങ്ങുന്ന ഒരു കൂട്ടം ആളുകളെ അറസ്റ്റ് ചെയ്തിരുന്നു. ആവശ്യമായ രേഖകളും അനുവാദവും ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിക്കുന്നവരില്‍ പലരും കുറ്റകൃത്യങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരാണെന്നുള്ളത് ഭീതി ഉളവാക്കുന്നുവെന്ന് ടെക്‌സാസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി ഓഫീസര്‍ ക്രിസ് ഒലിവറെസ് വെളിപ്പെടുത്തി. കസ്റ്റംസ് ബോര്‍ഡര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് രേഖകളനുസരിച്ച് പ്രസിഡന്റ് ബൈഡന്‍ ജനുവരിയില്‍ ചുമതലയേറ്റ അതിനുശേഷം നിയമവിരുദ്ധമായി ഒരു ലക്ഷത്തോളം കുടിയേറ്റക്കാര്‍ അമേരിക്കയിലേക്ക് പ്രവേശിക്കുവാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു.

വാര്‍ത്തയും ഫോട്ടോയും : ബാബു പി സൈമണ്‍