ഹൂസ്റ്റൺ ഗുരുവായൂരപ്പന്‍ ക്ഷേത്രം ആന കൊട്ടിലിന്റെയും പ്രീസ്റ്റ് ക്വാര്‍ട്ടേഴ്‌സന്റെയും ശിലാസ്ഥാപനം നടത്തി. ഏപ്രില്‍ 17 ന് നാപജപം, വേദ മന്ത്ര (ഭൂ സൂക്തം) ജപം തുടങ്ങിയ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ മങ്ങത്തായ ഇല്ലം സൂരജ് നമ്പൂതിരി, അമ്മന്‍കോഡ് മന ചന്ദ്രശേഖരന്‍ നമ്പൂതിരി, മുരളി നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ആന കൊട്ടിലിന്റെയും പ്രീസ്റ്റ് കോര്‍ട്ടേഴ്സ് നിര്‍മ്മാണത്തിന്റെയും ഭാഗമായുള്ള ഭൂമി പൂജയ്ക്കു തുടക്കമിട്ടു. ശിലാസ്ഥാപന (തറക്കല്ലിടല്‍) കര്‍മ്മം, ക്ഷേത്രം പ്രസിഡന്റ് ഡോ.പൊന്നു പിള്ള നിരവധി ഭക്തരുടെ സാന്നിധ്യത്തില്‍ നിര്‍വഹിച്ചു.

തച്ചുശാസ്ത്രവിദഗ്ധന്‍ ബ്രഹ്മശ്രീ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടാണ് ആനക്കൊട്ടിലിന്റെ പ്ലാന്‍ ഡിസൈന്‍ ചെയ്തത്. ശിലാന്യാസ ചടങ്ങിന്റെ ഭാഗമായി ശില്പിമാരായ റിജീഷ് പാറക്കല്‍, ഗിരിഷ് കാക്കൂട്ടില്‍ എന്നിവര്‍ പ്രസിഡന്റില്‍ നിന്നും ദക്ഷിണ ഏറ്റുവാങ്ങി. മാധവന്‍ പിള്ള, സി. പി. എ. ക്ഷേത്രത്തിനു സംഭാവന നല്‍കിയ സ്ഥലത്താണ് പ്രീസ്റ്റ് ക്വാര്‍ട്ടേഴ്സ് നിര്‍മ്മിക്കുന്നത്. ക്ഷേത്രത്തിന്റെ പുരോഗതിക്ക് വേണ്ട എല്ലാ സഹകരണവും നിസ്വാര്‍ത്ഥമായ സേവനവും അത്യന്താപേക്ഷിതമാണെന്ന പ്രസിഡന്റ് പൊന്നു പിള്ള പരാമര്‍ശിച്ചു. കൊട്ടിലിന്റെ തൂണുകള്‍ സ്ഥാപിക്കുന്ന ജോലികള്‍, പ്രീസ്റ്റ് ക്വാര്‍ട്ടേഴ്സിന്റെ നിര്‍മ്മാണം എന്നിവ ഉടനെ തന്നെ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് 2021 ലെ കണ്‍സ്ട്രക്ഷന്‍ പ്രോജക്ടുകളുടെ ചുക്കാന്‍ പിടിക്കുന്ന രാജേഷ് ഗോപിനാഥ് അറിയിച്ചു.

ആനക്കൊട്ടില്‍ നിര്‍മ്മാണത്തിനുള്ള ധനശേഖരണത്തിന്റെ ഭാഗമായി ആദ്യത്തെ സംഭാവന (ഫണ്ട്) ടെമ്പിള്‍ പ്രസിഡന്റ് സമര്‍പ്പിച്ചു. സെക്രട്ടറി മഞ്ജു മേനോന്‍, ട്രഷറര്‍ രാജേഷ് മൂത്തേഴത്ത്, വൈസ് പ്രസിഡന്റ് രമ പിള്ള എന്നിവര്‍ ചേര്‍ന്ന് ആദ്യത്തെ ചെക്ക് സ്വികരിച്ചു.

ഉത്സവം തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ ആന തിടമ്പുമായി നില്‍ക്കാനായാണ് കേരളത്തിലെ പുരാതന മഹാ ക്ഷേത്രങ്ങളില്‍ ആനക്കൊട്ടില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഹ്യൂസ്റ്റണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ആനകൊട്ടില്‍ നിര്‍മാണം തുടങ്ങുന്നത് ഭക്തര്‍ക്ക് ഉപകാര പ്രദവും മറ്റു പ്രാധാന്യമുള്ള ആചാര അനുഷ്ടാനങ്ങള്‍ നടത്താനുള്ള സൗകര്യങ്ങള്‍ക്ക് വേണ്ടിയാണ്. കല്യാണം, ഹോമങ്ങള്‍, സപ്താഹം, ക്ഷേത്ര കല അവതരണം തുടങ്ങിയ കാര്യങ്ങള്‍ കൊട്ടിലിനുള്ളില്‍ നടത്താവുന്നതാണ്. ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് വിപുലമായ സൗകര്യമാണ് ആനക്കൊട്ടില്‍ പണി കഴിപ്പിക്കുന്നതിലൂടെ സജ്ജമാകുന്നത്. ആനക്കൊട്ടില്‍ മഹാക്ഷേത്രത്തിന്റെ പ്രധാന അംഗങ്ങളില്‍ ഒന്നാണെന്നും ശ്രീകോവിലിനു പുറത്തുള്ള ചുറ്റുമതില്‍, കൊടിമരം എന്നിവ പൊലെ തന്നെ പ്രാധാന്യമുണ്ടെന്നും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി അഭിപ്രായപെട്ടതായി സൂരജ് തിരുമേനി അറിയിച്ചു.

പ്രതിഷ്ഠാ വാര്‍ഷികം വിശേഷ പൂജകളാല്‍ ഭക്തി നിര്‍ഭരമായി. ബിംബ ശുദ്ധി ക്രിയ, കലശ പൂജ, ഇരുപത്തഞ്ചു കലശാഭിഷേകം തുടങ്ങിയ കര്‍മങ്ങളും ശ്രീജിത്ത്മാരാരുടെ നേതൃത്വത്തില്‍ നടന്ന ചെണ്ടമേളം സോപാനസംഗീതം എന്നിവയും പ്രതിഷ്ഠാ ദിനത്തിനു മാറ്റു കൂട്ടി. ശ്രീഭൂത ബലിയോടെ ഏപ്രില്‍ 18 ന് ഞായറാഴ്ച ഏകദേശം 3 മണിക്ക് പ്രതിഷ്ഠാ ദിന കര്‍മ്മങ്ങള്‍ക്ക് സമാപനം കുറിച്ചു. ക്ഷേത്ര ഭാരവാഹികള്‍ വിശേഷ പൂജകള്‍ക്കും ശിലാസ്ഥാപന കര്‍മ്മത്തിനും പങ്കെടുത്ത എല്ലാ ഭക്തജനങ്ങള്‍ക്കും ക്ഷേത്ര കമ്മിറ്റിയുടെ പേരില്‍ നന്ദി രേഖപ്പെടുത്തി.

വാര്‍ത്തയും ഫോട്ടോയും : ബിജു പിള്ള