കാലിഫോര്‍ണിയ: നോര്‍തേണ്‍ കാലിഫോര്‍ണിയയില്‍ പ്രാക്ടീസ് ചെയ്യുന്ന വനിത ഹോമിയോപതി ഡോക്ടര്‍ ജൂലി മജിയെ(41) കൃത്രിമ വാക്‌സിനേഷന്‍ കാര്‍ഡ്, ഇമ്യൂണൈസേഷന്‍ ഡ്രഗ്ഗ് വില്പന എന്നിവക്ക് കേസെടുത്ത് അറസ്റ്റ് ചെയ്തതായി മിനിസ്ട്രി ഓഫ് ജസ്റ്റിസ് ജൂലായ് 14 ന് വെളിപ്പെടുത്തി.

അമേരിക്കയില്‍ ആദ്യമായാണ് കൃത്രിമ വാക്‌സിനേഷന്‍ കാര്‍ഡ് ഉണ്ടാക്കി വില്പന നടത്തിയതിന് ഫെഡറല്‍ ചാര്‍ജ്ജ് ചുമത്തി ഒരാളെ അറസ്റ്റ് ചെയ്യുന്നത്.

ഹോമിയോപതി പ്രാക്ടീസ് ചെയ്യുന്നതിന് ലൈസന്‍സുള്ള ജൂലി കോവിഡ്19 നെ ആജീവനാന്തം പ്രതിരോധിക്കാന്‍ ഹോമിയോപതി ഗുളികകള്‍ക്ക് കഴിയുമെന്ന് രോഗികളെ വിശ്വസിപ്പിച്ചു വില്പന നടത്തുകയും ചെയ്തു. ഇതിന് ഇവര്‍ക്കെതിരെ ഫെഡറല്‍ ചാര്‍ജ്ജും ചുമത്തിയിട്ടുണ്ട്.

ഹോമിയോപതി ക്ലിനിക്കില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ക്ക് പൂരിപ്പിക്കാത്ത സിഡിസി വാക്‌സിനേഷന്‍ കാര്‍ഡുകള്‍ നല്‍കി, അതില്‍ മൊഡേര്‍ണ വാക്‌സിന്‍ ലഭിച്ചതായി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായാണ് കേസ്. മാത്രമല്ല എഫ്.സി.എ.അംഗീകരിച്ച വാക്‌സിനേഷനെക്കുറിച്ച് ജനങ്ങളില്‍ ഭയം വളര്‍ത്തുന്നതിനും ഇവര്‍ ശ്രമിച്ചതായി ആരോപിക്കുന്നു.

പൊതുജനങ്ങളെ വഞ്ചിച്ചതിനും തെറ്റായ ചികിത്സ നല്‍കി പൊതുജനങ്ങളുടെ ജീവന് ഭീഷണിയുയര്‍ത്തുകയും ചെയ്തതായി ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റും ഇവര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ആരോപണം തെളിയിക്കപ്പെട്ടാല്‍ 25 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിതെന്നും ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍