ഷിക്കാഗോ: നാട്യ ഡാന്‍സ് തിയ്യറ്റര്‍ ഇന്ത്യന്‍ അമേരിക്കന്‍ സ്ഥാപകയും ആര്‍ട്ടിസ്റ്റിക് ഡയറക്ടറുമായ ഹേമ രാജഗോപാലിന് ഷിക്കാഗോ ഡാന്‍സ് 2021 ലെഗസി അവാര്‍ഡ് നല്‍കി ആദരിച്ചു.

ഇല്ലിനോയ് സംസ്ഥാനത്തെ ഷിക്കാഗോ സമൂഹത്തിന് ആര്‍ട്ടിസ്റ്റിക് ലീഡര്‍ എന്ന നിലയില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയതിനാണ് അവാര്‍ഡ്.

ഭരതനാട്യം ഡാന്‍സര്‍, അധ്യാപിക, കൊറിയോഗ്രാഫര്‍ എന്നീ നിലകളില്‍ ആഗോളപ്രശസ്തി നേടിയിട്ടുള്ള വനിതാരത്‌നമാണ് ഹേമരാജഗോപാല്‍. 1974 മുതല്‍ ഷിക്കാഗോയിലാണ് താമസം. 35 വര്‍ഷത്തിലധികമായി ഭരതനാട്യത്തിന് പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ ടൂറിംഗ് കമ്പനിയാണ് നാട്യ ഡാന്‍സ് തിയ്യറ്റര്‍.

ഭരതനാട്യത്തിന് പുതിയ ദിശാബോധം നല്‍കി ലോകമെങ്ങുമുള്ള പ്രേക്ഷകരെ ആകര്‍ഷിക്കുന്നതില്‍ ഹേമ രാജഗോപാല്‍ വഹിച്ചിട്ടുള്ള പങ്ക് നിസ്തുലമാണ്.

വിശ്വകലാഭാരതി അവാര്‍ഡ്, കവറ്റഡ് ഏമി അവാര്‍ഡ്, കൊറിയോഗ്രാഫി അവാര്‍ഡുകള്‍ എന്നിവ നേടിയിട്ടുണ്ട്. ആറുവയസ്സുള്ളപ്പോള്‍ 1956 ല്‍ ദേവദാസഗുരുവിന്റെ കീഴില്‍ നൃത്തം അഭ്യസിച്ചുതുടങ്ങിയതാണ് ഹേമ.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍