ഹൂസ്റ്റണ്‍: ഹാരിസ് കൗണ്ടിയില്‍ കോവിഡ് പോസിറ്റിവിറ്റി റേറ്റ് 35 ശതമാനത്തിലെത്തിയതോടെ കോവിഡ് ലെവല്‍ ഓറഞ്ചില്‍ നിന്നും റെഡിലേക്കുയര്‍ത്തുന്നതായി ജനുവരി 10 ന് ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡല്‍ഗ പ്രസ്താവനയിലൂടെ അറിയിച്ചു.

കഴിഞ്ഞ പതിനാലു ദിവസത്തെ ശരാശരി ഐസിയു കേസുകള്‍ 18.1 ശതമാനമാണെന്ന് തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ജഡ്ജി അറിയിച്ചു.

ഇപ്പോള്‍ നാം വീണ്ടും മറ്റൊരു കോവിഡ് സുനാമിയെ നേരിടുകയാണ്. ഒമിക്രോണ്‍ വേരിയന്റിന്റെ വ്യാപനം കൗണ്ടിയില്‍ അതിശക്തമായിരിക്കുന്നു. സാധാരണ നിലയിലേക്ക് മടങ്ങി എന്ന് ആശ്വസിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി വീണ്ടും കോവിഡ് ലെവല്‍ ഏറ്റവും ഉയര്‍ന്ന ലെവലിലേക്ക് എത്തിയതെന്നും ഇവര്‍ പറഞ്ഞു.

ഹാരിസ് കൗണ്ടിയിലെ സ്‌കൂളുകളില്‍ 111000 കോവിഡ് ടെസ്റ്റ് സെറ്റുകള്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. ചൊവ്വാഴ്ച പ്ലാനറ്റ് ഫോര്‍ഡ് സ്‌റ്റേഡിയത്തില്‍ ഹാരിസ് കൗണ്ടി പബ്ലിക് ഹെല്‍ത്തുമായി സഹകരിച്ചു ടെസ്റ്റിംഗ് സൈറ്റ് തുറന്ന് പ്രവര്‍ത്തിക്കും. 300 പിസിആര്‍ ടെസ്റ്റുകള്‍ പ്രതിദിനം അടുത്ത രണ്ടാഴ്ച നടത്തുന്നതിനുള്ള സൗകര്യവും ഇവിടെ ഉണ്ടായിരിക്കുമെന്ന് ജഡ്ജി അറിയിച്ചു. 

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍