വാഷിങ്ടണ്‍ ഡിസി: ഗ്വാട്ടിമാലയില്‍ നിന്നും കൃത്യമായ രേഖകള്‍ ഇല്ലാതെ ആരും തന്നെ അമേരിക്കയിലേക്ക് വരാന്‍ ശ്രമിക്കരുതെന്ന യു.എസ്. വൈസ് പ്രസിഡന്റ് കമലഹാരിസിന്റെ പരസ്യപ്രസ്താവനക്കെതിരെ അലക്‌സാന്‍ഡ്രിയ ഒക്കേഷ കോര്‍ട്ടസ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ഗ്വാട്ടിമലയില്‍ ആദ്യ സന്ദര്‍ശനത്തിനെത്തിയ കമലഹാരിസ് ഗ്വാട്ടിമാല പ്രസിഡന്റുമൊത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് യു.എസ്.ഗവണ്‍മെന്റിന്റെ തീരുമാനം വെളിപ്പെടുത്തിയത്.

സെന്‍ട്രല്‍ അമേരിക്കയില്‍ നടക്കുന്ന അഴിമതികളെക്കുറിച്ചും മനുഷ്യക്കടത്തിനെക്കുറിച്ചും അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്ന മുന്‍ കാലിഫോര്‍ണിയ സെനറ്ററായിരുന്ന കമലഹാരിസിന്റെ പ്രസ്താവന അമേരിക്കയില്‍ അഭയം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ആയിരങ്ങളെയാണ് നിരാശപ്പെടുത്തിയിരിക്കുന്നതെന്ന് ഇടതുപക്ഷ പുരോഗമന ചിന്താഗതി വെച്ചുപുലര്‍ത്തുന്ന ന്യൂയോര്‍ക്കില്‍ നിന്നുള്ള യു.എസ്്.കോണ്‍ഗ്രസ് അംഗം എ.ഒ.സി. പ്രതികരിച്ചു.

ബൈഡന്‍ ഭരണത്തില്‍ ശരിയായ രേഖകളില്ലാതെ അമേരിക്കയില്‍ പ്രവേശിക്കാം എന്ന് വിശ്വസിച്ചിരുന്ന വലിയൊരു ഗ്വാട്ടിമാലിയന്‍ ജനങ്ങള്‍ക്ക് ശക്തമായ മുന്നിയിപ്പാണ് കമലഹാരിസിന്റെ പത്രസമ്മേളനത്തിലൂടെ പ്രകടമായത്.

ദശാബ്ദങ്ങളായി ഭരണമാറ്റത്തിലൂടെ ലാറ്റിന്‍ അമേരിക്കയെ അസ്ഥിരപ്പെടുത്താന്‍ യുഎസ് ഭരണകൂടം നടത്തുന്ന തന്ത്രങ്ങളില്‍ ഭവനം നഷ്ടപ്പെടുകയും മര്‍ദനങ്ങള്‍ക്ക് വിധേയരാകുകയും ചെയ്തിരുന്ന ജനവിഭാഗങ്ങള്‍ക്ക് അഭയം നല്‍കുവാന്‍ നൂറുശതമാനവും അമേരിക്കക്ക് ബാധ്യതയുണ്ടെന്ന് എഒസി ട്വിറ്ററിലൂടെ അറിയിച്ചു. അഭയാര്‍ത്ഥികളെ നിയമപരമായി സ്വീകരിക്കാന്‍ നടപടിയെടുക്കുന്നതിനുപകരം അവര്‍ക്കെതിരെ മുഖം തിരിക്കുന്നത് വേദനാജനകമാണെന്നും എഒസി പറഞ്ഞു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍