വാഷിങ്ടണ്‍ ഡിസി: ജോര്‍ജ് ഫ്‌ളോയ്ഡ് കേസിന്റെ വിധി വംശീയതയ്‌ക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രമാണെന്ന് പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമലഹാരിസും അഭിപ്രായപ്പെട്ടു.

ഏപ്രില്‍ 20 ന് കേസിന്റെ വിധി പുറത്തുവന്നതിനുശേഷം പ്രതികരിക്കുകയായിരുന്നു ഇരുവരും.

രാവിലെ മുതല്‍ കേസിന്റെ വിധി കേള്‍ക്കാന്‍ കാതോര്‍ത്തിരുന്ന പ്രസിഡന്റ്, ജോര്‍ജ് ഫ്‌ളോയിഡിന് നല്ലൊരു വിധി ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായി പ്രസ്താവന ഇറക്കിയിരുന്നു.

മിനിയാപോളിസ് പോലീസ് ഓഫീസര്‍ ഡെറക്ക് ഷൗമിന്റെ കാല്‍മുട്ടുകള്‍ക്കിടയില്‍ കഴുത്തു ഞെരിക്കപ്പെട്ട് ദയനീയമായി പിടഞ്ഞു മരിച്ച കേസില്‍ ഓഫീസര്‍ക്കെതിരെ ചാര്‍ജ് ചെയ്തിരുന്ന മൂന്നു വകുപ്പുകളിലും പ്രതി കുറ്റക്കാരനാണെന്ന് പന്ത്രണ്ടംഗ ജൂറി വൈകീട്ട് കണ്ടെത്തി. തുടര്‍ന്ന് ജഡ്ജി ശിക്ഷവിധിക്കുന്നതിനായി കേസ് മാറ്റിവെച്ചു. കുറ്റക്കാരനാണെന്ന് വിധി വന്ന ഉടനെ ഡെറിക്കിനെ കയ്യാമം വെച്ച് ജയിലിലേക്കു മാറ്റി. 45 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ് ഇയാള്‍ക്കെതിരെ ചാര്‍ജ് ചെയ്തിരുന്നത്.

വിധി വന്ന ഉടനെ ഫ്‌ളോയിഡിന്റെ കുടുംബാംഗങ്ങളെ പ്രസിഡന്റും വൈസ് പ്രസിഡന്റും ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചു. 

നാം ഇവിടെ നിറുത്തുന്നില്ല, നിറത്തിന്റെ, വര്‍ഗത്തിന്റെ, ന്യൂനപക്ഷത്തിന്റെ നേരെയുള്ള അക്രമപ്രവര്‍ത്തനങ്ങളെ അമര്‍ച്ച ചെയ്യുന്നതിനുള്ള രാഷ്ട്രത്തിന്റെ പോരാട്ടം തുടരുകതന്നെചെയ്യുമെന്ന് പ്രസിഡന്റ് അസന്നിഗ്ദമായി പ്രഖ്യാപിച്ചു. 

പകല്‍ വെളിച്ചത്തില്‍ സ്ഥലകാല ബോധം നഷ്ടപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ ക്രൂരതക്കുമുമ്പില്‍ ശ്വാസം പോലും ലഭിക്കാതെ പിടഞ്ഞു മരിച്ച ഫ്‌ളോയിഡിന്റെ പത്തുമിനിറ്റ് നേരത്തെ വീഡിയോ പകര്‍ത്തിയ യുവതിയുടെ ധീരതയെയും ബൈഡന്‍ പ്രശംസിച്ചു. ഫ്‌ളോയിഡിന്റെ മരണത്തെത്തുടര്‍ന്ന് രാജ്യത്താകമാനം പൊട്ടിപ്പുറപ്പെട്ട അക്രമപ്രവര്‍ത്തനങ്ങളും പ്രതിഷേധങ്ങളും രാജ്യത്തിനും പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനും അപമാനകരമായിരുന്നുവെന്നും ബൈഡന്‍ പറഞ്ഞു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍